കേപ്ടൗണ്‍: എഞ്ചിന്‍ചൂടായി കാറുകള്‍ക്ക് തീപിടുത്തം പതിവായതിനെ തുടര്‍ന്ന് യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് കുഗ മോഡിലിന്റെ 4,500 യൂണിറ്റോളം കാറുകള്‍ തിരിച്ചുവിളിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിറ്റ കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചത്.

ഇന്ധന ചോര്‍ച്ച മൂലം ഇതുവരെ 48 കുഗ മോഡല്‍ കാറുകള്‍ക്ക് തീപിടിച്ചു. കഴിഞ്ഞ മാസം 11 കാറുകള്‍ കൂടി തീപിടിച്ച് കത്തിനശിച്ചതോടെ വാഹനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഫോര്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു. കാറിന് തീപിടിച്ച കൊല്ലപ്പെട്ട ഡ്രൈവറുടെ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഫോര്‍ഡിനെതിരെ കേസ് കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍ജിനിലെ ചില ഭാഗങ്ങള്‍ അമിതമായി ചൂടാവുന്നതു മൂലമുണ്ടാകുന്ന ഇന്ധന ചോര്‍ച്ച ഉണ്ടാക്കുന്ന സുരക്ഷാഭീഷണി പരിഗണിച്ചാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്നു ഫോര്‍ഡ് ദക്ഷിണാഫ്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് നെമേത് പറഞ്ഞു. സ്‌പെയിനില്‍ 2012-2014 കാലത്ത് നിര്‍മിച്ച 1.6 മോഡല്‍ കാറുകളാണ് ഇവ.