Asianet News MalayalamAsianet News Malayalam

കോടിക്കിലുക്കത്തില്‍ വാഹന കമ്പനികള്‍ ലയിക്കുന്നു

ഓഹരി ഉടമകളുടെയും റെഗുലേറ്റർമാരുടെയും അംഗീകാരമാണ് ഇനി ശേഷിക്കുന്നത്

2 Auto companies are also merging
Author
Paris, First Published Dec 21, 2019, 10:15 PM IST

ഫ്രഞ്ച് കമ്പനി പിഎസ്എ ഗ്രൂപ്പും ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്ലറും പരസ്‍പരം ലയിക്കാന്‍ തയ്യാറെടുക്കുന്നു. ഏകദേശം 50 ബില്യൺ ഡോളറിന്‍റെതാണ് കരാർ. 12 മുതൽ 15 മാസത്തിനുള്ളിൽ 50-50 ലയനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ സംയുക്ത പ്രസ്‍താവനയിൽ പറഞ്ഞു. ഓഹരി ഉടമകളുടെയും റെഗുലേറ്റർമാരുടെയും അംഗീകാരമാണ് ഇനി ശേഷിക്കുന്നത്.

ഒക്ടോബറിൽ ആദ്യമായി പ്രഖ്യാപിച്ച ഈ കരാർ, ഇലക്ട്രിക്, സ്വയംഭരണ വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ ചിലവ് വ്യാപിപ്പിക്കുന്നതിനും ഇടത്തരം കാർ നിർമ്മാതാവിനെ വലിയ എതിരാളികളുമായി മത്സരിക്കാൻ സഹായിക്കുന്നതിനും സഹായിക്കും. സംയുക്ത കമ്പനിക്ക് ഏകദേശം 410,000 ജോലിക്കാരും 190 ബില്യൺ ഡോളർ വാർഷിക വരുമാനവും ഉണ്ടായിരിക്കും.

ഫിയറ്റ് ക്രിസ്‌ലറിന്റെ നിലവിലെ ആസ്ഥാനമായ നെതർലാൻഡ്‌സിലാണ് സംയോജിത കമ്പനി പ്രവർത്തിക്കുക. ഡെട്രോയിറ്റിനടുത്ത് വടക്കേ അമേരിക്കൻ പ്രവർത്തനങ്ങൾക്ക് ഒരു ഹെഡ് ഓഫീസും ഉണ്ടാകും. ഫിയറ്റ് സ്ഥാപിച്ച ഇറ്റാലിയൻ കുടുംബത്തിലെ യുഎസ് വംശജനായ ജോൺ എൽക്കൺ ആവും ഇരു കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ ഗ്രൂപ്പിന്‍റെ ചെയർമാന്‍.   നയിക്കുന്നത് പിഎസ്എയുടെ ചീഫ് എക്‌സിക്യൂട്ടീവായ കാര്‍ലോസ് ടവാറെസായിരിക്കും സിഇഒ. ഈ ലയനത്തോടെ ടൊയോട്ടയ്ക്കും വോക്‌സ് വാഗനും പിന്നില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ ഉല്‍പാദക കമ്പനിയാകും ഈ സംയുക്ത സംരംഭമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ കമ്പനിയായിരിക്കും പുതിയത്. ഫ്രഞ്ച് കമ്പനി റെനോയുമായി കൈകോര്‍ക്കാനുള്ള ഫിയറ്റ് ക്രൈസ്‌ലറിന്റെ പദ്ധതി നേരത്തെ പാളിയിരുന്നു. നിലവില്‍ ലോകത്തിലെ എട്ടാമത്തെ വലിയ വാഹനനിര്‍മാതാവാണ് ഫിയറ്റ് ക്രൈസ്‌ലര്‍. പ്യൂഷോയുടെ നിര്‍മ്മാതാക്കളാണ് പിഎസ്എ. പ്യൂഷോയുടെ പ്രധാന ഓഹരി ഉടമകള്‍ ഫ്രഞ്ച് സര്‍ക്കാരാണ്. പുതിയ ലയനത്തിലൂടെ പിഎസ്എയ്ക്ക് യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഫിയറ്റിനും ശക്തമായ സാന്നിധ്യമാകാനാവും.

വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമത്തെയും വിറ്റ് പോകുന്ന കാറുകളുടെ എണ്ണത്തില്‍ നാലാമത്തെയും ഏറ്റവും വലിയ കാര്‍ ഉല്‍പാദകരായിരിക്കും പുതിയ കമ്പനി. ഇലക്ട്രിക് കാറുകളുടെയും ക്രമേണ സെല്‍ഫ്-ഡ്രൈവിങ് കാറുകളുടെയും നിര്‍മ്മാണത്തിലേക്ക് ചുവട് മാറ്റുന്നതിനുള്ള വമ്പന്‍ ചെലവ് പങ്കിട്ടെടുക്കാന്‍ പുതിയ ലയനത്തിലൂടെ ഇരു കമ്പനികള്‍ക്കും അവസരം ലഭിക്കും.

2018ല്‍ മാത്രം ഫിയറ്റ് ക്രിസ്‌ലറും (എഫ്‌സി‌എയു) പി‌എസ്‌എയും 8.7 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു.  ചൈനീസ് കാർ നിർമാതാക്കളായ ഡോങ്‌ഫെങ് ഗ്രൂപ്പ് പി‌എസ്‌എയിലെ ഓഹരിയുടെ ഒരു ഭാഗം ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് തിരികെ വിൽക്കാൻ സമ്മതിച്ചതായി കമ്പനികൾ പ്രസ്‍താവനയിൽ പറഞ്ഞു. ആഗോള വാഹന വിൽപ്പന മാന്ദ്യത്തിനിടയിലാണ് ലയനം വരുന്നതെന്നതാണ് ശ്രദ്ധേയം. മറ്റു പല കമ്പനികളും ഇതേ മാതൃക സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ലയനം മൂലം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയും  ശക്തമാണ്. ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്ന് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലവന്മാര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്. അതേസമയം, ഒരൊറ്റ പ്ലാന്റും അടച്ച് പൂട്ടില്ലെന്നാണ് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലപ്പത്തുള്ളവര്‍ പറയുന്നത്.  എന്നാല്‍ ലയനത്തോടെ നിലവില്‍ ഇരു കമ്പനികളും ഉല്‍പാദിപ്പിക്കുന്ന ചില ജനപ്രിയ കാര്‍ മോഡലുകള്‍ ഇല്ലാതാകുമെന്ന ആശങ്ക കാര്‍ പ്രേമികള്‍ക്കുണ്ട്.

പുതിയ കമ്പനിയുടെ പിറവിയിലൂടെ നല്ല സാങ്കേതിക തികവും വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്ന വിലയിലുള്ളതുമായ പുതിയ തലമുറ കാറുകള്‍ക്ക് രൂപം കൊടുക്കുകയെന്നത് എളുപ്പമായിത്തീരുമെന്നാണ് ചെലവുചുരുക്കല്‍ വിദഗ്‍ധന്‍ കൂടിയായ സിഇഒ കാര്‍ലോസ് ടവാറെസ് അവകാശപ്പെടുന്നത്.

എഴുപത് വർഷത്തിലേറെയായി രാജ്യത്ത് സാന്നിധ്യമുള്ള ഫിയറ്റുമായി ഇന്ത്യയ്ക്ക് വളരെ വൈകാരികമായ ബന്ധമാണുള്ളത്. 1948 മുതൽ കമ്പനി ഇന്ത്യൻ വിപണിയിലുണ്ട്. നിലവില്‍ ഫിയറ്റ് ക്രൈസ്‌ലറുടെ ഫിയറ്റ്, ജീപ്പ് ബ്രാന്‍ഡ് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലുണ്ട്.  എഴുപതുകളിൽ പ്രീമിയർ ഓട്ടോമൊബൈലുമായി ചേർന്ന് പുറത്തിറക്കിയ പ്രീമിയർ പദ്‌മിനി ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ്. അടുത്തകാലത്ത് കമ്പനി ഇന്ത്യയിലെത്തിച്ച ജീപ്പ് കോംപസും സൂപ്പര്‍ഹിറ്റാണ്.

പിഎസ്എ ഗ്രൂപ്പിന്‍റെ കീഴിലുള്ള സിട്രോണ്‍ അവതരിപ്പിക്കുന്ന പുത്തന്‍ എസ്‍യുവി ഇന്ത്യയിലെത്താനുള്ള അവസാനവട്ട ഒരുക്കത്തിലുമാണ്. 

Follow Us:
Download App:
  • android
  • ios