മാരുതി സുസുക്കി പുതിയ ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യയിൽ പുറത്തിറക്കി. ആറ് എയർബാഗുകൾ, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്. 13.48 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഇന്ന് 2025 ഗ്രാൻഡ് വിറ്റാര സിഎൻജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ വില 13.48 ലക്ഷം രൂപയാണ്. അതേസമയം, സീറ്റ സിഎൻജിക്ക് ഇന്ത്യൻ വിപണിയിൽ 15.62 ലക്ഷം രൂപയാണ് വില. അപ്‌ഡേറ്റ് ചെയ്‌ത മോഡലിൽ ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി ലഭ്യമാണ്, കൂടാതെ എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് റെസ്ട്രെയിൻറ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുന്നു.

2025 മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി ശ്രേണിയിൽ ഡെൽറ്റ, സീറ്റ എന്നീ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു. യഥാക്രമം 13.48 ലക്ഷം രൂപയും 15.62 ലക്ഷം രൂപയുമാണ് വില. പുതുക്കിയ മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ നൽകിയിരിക്കുന്നത് അതേ 1.5 ലിറ്റർ കെ15 എഞ്ചിനാണ്, ഇത് സിഎൻജി-സ്പെക്കിൽ പരമാവധി 88 എച്ച്പി പവറും 121.5 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പെട്രോൾ-ഒൺലി മോഡിൽ, ഗ്യാസോലിൻ മോട്ടോർ 103 ബിഎച്ച്പി പവറും 136 എൻഎം ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ. സിഎൻജി മോഡിൽ ഗ്രാൻഡ് വിറ്റാര സിഎൻജി കിലോഗ്രാമിന് 26.6 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

പുതിയ 2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജി പുതിയ സൗകര്യങ്ങളും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. ന്യൂ ജനറേഷൻ കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിൻ നൽകുന്ന ഇത്, അതിന്റെ ആവേശകരമായ എസ്‌യുവി ഡ്രൈവ് അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശ്രദ്ധേയമായ ഇന്ധനക്ഷമത നൽകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജിയിൽ PM 2.5 ഡിസ്‌പ്ലേയുള്ള ഓട്ടോ പ്യൂരിഫി, വയർലെസ് കണക്റ്റിവിറ്റിയും സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകളുമുള്ള 22.86 സെ.മീ (9) സ്മാർട്ട്‌പ്ലേ പ്രോ+ എന്റർടൈൻമെന്റ് സിസ്റ്റം, ക്ലാരിയണിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷതകൾ ഉൾപ്പെടുന്നു. റിയർ വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റുള്ള റീക്ലൈനിംഗ് റിയർ സീറ്റ്, എഞ്ചിൻ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണുള്ള കീലെസ് എൻട്രി, ഓട്ടോ-ഫോൾഡിംഗ് ഓആർവിഎമ്മുകൾ, സുസുക്കി കണക്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ കാറിൽ ലഭ്യമാണ്.