ഔഡി Q3 യുടെ മൂന്നാം തലമുറ മോഡൽ ആഗോളതലത്തിൽ പുറത്തിറങ്ങി. പുതിയ ഡിസൈൻ, ഡിജിറ്റൽ സവിശേഷതകൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പ്രീമിയം കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ജർമ്മൻ വാഹന ബ്രാൻഡായ ഔഡിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് ഔഡി ക്യു3. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ കാറിന്‍റെ 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു എന്നാണ് കണക്കുകൾ. ഇപ്പോൾ കമ്പനി ആഗോളതലത്തിൽ അതിന്‍റെ മൂന്നാം തലമുറ പതിപ്പ് പുറത്തിറക്കി. ഈ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ, ഔഡി കൂടുതൽ ഷാർപ്പായിട്ടുള്ള ഡിസൈൻ ഭാഷ, വിശാലമായ ഡിജിറ്റൽ സവിശേഷതകൾ, ഇലക്ട്രിക് ശ്രേണിയുള്ള പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ഉൾപ്പെടുന്ന പുതിയ പവർട്രെയിൻ ഓപ്ഷനുകൾ തുടങ്ങിയവ കൊണ്ടുവരുന്നു.

പുതിയ ഔഡി ക്യു3 എസ്‌യുവി, സ്‌പോർട്‌ബാക്ക് ബോഡി സ്റ്റൈലുകളിൽ എത്തുന്നു. മുന്നിൽ, വീതിയേറിയ സിംഗിൾഫ്രെയിം ഗ്രില്ലും സ്ലീക്ക്, ടേപ്പർഡ് ഹെഡ്‌ലൈറ്റുകളും എയറോഡൈനാമിക് ഡിസൈനിൽ പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു. ഈ സെഗ്‌മെന്റിൽ ആദ്യമായി ഓഡി മൈക്രോ-എൽഇഡി ഡിജിറ്റൽ മാട്രിക്സ് ഹെഡ്‌ലൈറ്റുകളും അവതരിപ്പിക്കുന്നു, ഇത് അഡാപ്റ്റീവ്, കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റിംഗ് സിഗ്നേച്ചറുകൾ എന്നിവ വാഗ്‍ദാനം ചെയ്യുന്നു. പിന്നിൽ, സ്‌പോർട്‌ബാക്കിന്റെ റൂഫ്‌ലൈൻ എസ്‌യുവിയേക്കാൾ 29 എംഎം കുറവാണ്. ഇത് ഇതിന് കൂടുതൽ സ്‌പോർട്ടിയർ ലുക്ക് നൽകുന്നു. ഓപ്ഷണൽ ഒഎൽഇഡി ടെയിൽ ലാമ്പുകളും പ്രകാശിതമായ ഓഡി റിംഗ്സ് ലോഗോയും പുതിയ ഡിസൈൻ കൂടുതൽ എടുത്തുകാണിക്കുന്നു.

പുതിയ ഔഡി ക്യു3 യുടെ ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ മികച്ച സവിശേഷതകളാണ് ഇതിൽ ഉള്ളത്. പുതിയ സ്റ്റിയറിംഗ് കൺട്രോൾ യൂണിറ്റും ഇതിലുണ്ട്. ഇത് കൂടുതൽ സ്ഥലവും എളുപ്പത്തിലുള്ള നിയന്ത്രണങ്ങളും നൽകുന്നു. ഉയർന്ന വേഗതയിലും ക്യാബിൻ ശാന്തമായി നിലനിഞത്തുന്നതിന് അക്കോസ്റ്റിക് ഗ്ലാസിംഗും വലിയ ബൂട്ട് സ്‌പെയ്‌സും നൽകിയിട്ടുണ്ട്. എസ്‌യുവി പതിപ്പിന് 488 ലിറ്ററിന്റെ ബൂട്ട് സ്‌പെയ്‌സ് ലഭിക്കുന്നു. സീറ്റുകൾ മടക്കിവെച്ചാൽ ഇത് 1,386 ലിറ്ററായി വർദ്ധിപ്പിക്കാൻ കഴിയും. സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ ബെഞ്ച് യാത്രക്കാർക്ക് കൂടുതൽ സുഖവും വഴക്കവും നൽകുന്നു.

പുതിയ ഔഡി ക്യു3 നിരവധി എഞ്ചിൻ ഓപ്ഷനുകളോടെയാണ് എത്തുന്നത്. 148 ബിഎച്ച്പി പവറും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമുള്ള 1.5 ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എഞ്ചിനും ഇതിൽ ഉൾപ്പെടുന്നു. ദീർഘദൂര ഡ്രൈവിംഗിന് 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ മികച്ച ഓപ്ഷനായിരിക്കും. പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്‍റ് 268 bhp പവർ ഔട്ട്‌പുട്ടും 25.7 kWh ബാറ്ററിയും ഉൾക്കൊള്ളുന്നു. എസ്‍യുവി പതിപ്പിന്റെ ഇലക്ട്രിക് റേഞ്ച് 119 കിലോമീറ്ററാണ് (WLTP). സ്പോർട്ബാക്ക് പതിപ്പിന്റെ ഇലക്ട്രിക് റേഞ്ച് 118 കിലോമീറ്ററാണ്. സുഖമായ ഇരിപ്പിനും സ്പോർട്ടി ഡ്രൈവിംഗിനും അനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന അഡാപ്റ്റീവ് സസ്പെൻഷനാണ് ഇതിനുള്ളത്.

2026 ഓടെ പുതിയ ഔഡി ക്യു3 ഇന്ത്യയിൽ പുറത്തിറക്കിയേക്കും. കമ്പനി തങ്ങളുടെ എസ്‌യുവി നിരയിൽ ഒരു എൻട്രി ലെവൽ മോഡലായി ഇതിനെ അവതരിപ്പിച്ചേക്കും. ഇന്ത്യയിൽ പുറത്തിറക്കുമ്പോൾ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു എക്സ്1, വോൾവോ എക്സ്സി40 തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കും.