മാരുതി സുസുക്കി എർട്ടിഗയുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കി. ഇതോടൊപ്പം വിലയിലും നേരിയ വർധനവുണ്ട്. മറ്റ് മെക്കാനിക്കൽ അല്ലെങ്കിൽ ഫീച്ചർ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

നപ്രിയ എംപിവിയായ എർട്ടിഗയുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുമെന്ന് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ. ഈ സുരക്ഷാ ഫീച്ചർ നവീകരണത്തോടെ, കമ്പനി വാഹനത്തിന് വില പരിഷ്‍കരണവും നടപ്പിലാക്കിയിട്ടുണ്ട്. എർട്ടിഗയുടെ എക്സ്-ഷോറൂം വിലയിൽ ശരാശരി 1.4 ശതമാനം വർദ്ധനവ് ലഭിക്കും. മാരുതി സുസുക്കിയുടെ വാഹന നിരയിൽ ഉടനീളം യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിലുള്ള വിശാലമായ ശ്രദ്ധയുമായി യോജിച്ചാണ് ആറ് എയർബാഗുകൾ കൂടി ചേർത്തിരിക്കുന്നത്. ഇതുവരെ, ഈ മോഡലുകളിൽ ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്‍ദാനം ചെയ്തിരുന്നു. ആറ് എയർബാഗുകൾ ഉയർന്ന വകഭേദങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

മറ്റ് മെക്കാനിക്കൽ അല്ലെങ്കിൽ ഫീച്ചർ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള പവർട്രെയിൻ ഓപ്ഷനുകൾ എർട്ടിഗയിൽ തുടർന്നും ലഭ്യമാണ്. ഈ താങ്ങാനാവുന്ന വിലയുള്ള എംപിവിയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. 103PS കരുത്തും 137Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ് ഈ എഞ്ചിൻ. ഇതിൽ നിങ്ങൾക്ക് സിഎൻജി ഓപ്ഷനും ലഭിക്കും. ഇതിന്‍റെ പെട്രോൾ മോഡൽ 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം സിഎൻജി വേരിയന്‍റിന്‍റെ മൈലേജ് 26.11 കിലോമീറ്റർ/കിലോഗ്രാം ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭിക്കും.

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എർട്ടിഗയിൽ ലഭിക്കുന്നത്. വോയിസ് കമാൻഡുകളെയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്ന സുസുക്കിയുടെ സ്‍മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. വാഹന ട്രാക്കിംഗ്, ടോ എവേ അലേർട്ട് ആൻഡ് ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, ഓവർ-സ്‍പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്‌ഷനുകൾ തുടങ്ങിയവ കണക്റ്റഡ് കാർ സവിശേഷതകളിൽ ഉൾപ്പെടുന്നു. 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഇതിലുണ്ട്.

എർട്ടിഗയുടെ എക്സ്-ഷോറൂം വില 8.97 ലക്ഷം മുതൽ 13.26 ലക്ഷം വരെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴ് സീറ്റർ കാറുകളുടെ കാര്യത്തിൽ, മാരുതി സുസുക്കി എർട്ടിഗ എന്നും മുന്നിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിന്റെ വിൽപ്പന ഗ്രാഫ് അതിവേഗം ഉയരുകയാണ്. ജൂണിലും 14,151 യൂണിറ്റുകൾ വിറ്റു. ഇന്ത്യയിൽ, കിയ കാരെൻസ്, റെനോ ട്രൈബർ, ടൊയോട്ട റൂമിയോൺ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു.