ടെസ്‌ല അതിന്റെ പറക്കും കാർ പതിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി എക്‌സ്‌പെങ് പദ്ധതി പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ടെസ്ലയുടെ പറക്കും കാര്‍ ഉണ്ടാകുമെന്ന് മസ്ക് പറഞ്ഞിരുന്നു.

ബീജിംഗ്: ഗതാഗത മേഖലയിലെ അടുത്ത തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പാദനം ആരംഭിച്ച് ചൈനീസ് കമ്പനി. ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്സ്പെങ്ങിന്റെ അഫിലിയേറ്റ് ആയ എക്സ്പെങ് എയ്റോഹ്റ്റാണ് പറക്കും കാറുകൾ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ ഇന്റലിജന്റ് ഫാക്ടറിയിൽ പരീക്ഷണം ആരംഭിച്ചത്. യുഎസ് കമ്പനിയായ ടെസ്‌ലയും പറക്കും കാര്‍ പുറത്തിറക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു.

ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്‌ഷൂവിലെ ഹുവാങ്‌പു ജില്ലയിൽ സ്ഥിതി ചെയ്യുന്ന 120,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്ലാന്റില്‍ മോഡുലാർ പറക്കുന്ന കാറിന്റെ ഇലക്ട്രിക് വിമാനമായ ലാൻഡ് എയർക്രാഫ്റ്റ് കാരിയർ ഇതിനകം പുറത്തിറക്കിയതായി സർക്കാർ നടത്തുന്ന സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാരംഭ ശേഷി 5,000 യൂണിറ്റുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്‌ല അതിന്റെ പറക്കും കാർ പതിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി എക്‌സ്‌പെങ് പദ്ധതി പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനുള്ളില്‍ ടെസ്ലയുടെ പറക്കും കാര്‍ ഉണ്ടാകുമെന്ന് മസ്ക് പറഞ്ഞിരുന്നു. മറ്റൊരു യുഎസ് കമ്പനിയായ അലഫ് എയറോനോട്ടിക്സ് അടുത്തിടെ അവരുടെ പറക്കും കാർ പരീക്ഷണം വെളിപ്പെടുത്തിയിരുന്നു.

തന്റെ സ്ഥാപനം ഇതിനകം ഒരു ബില്യൺ യുഎസ് ഡോളറിലധികം പ്രീ-ബുക്കിംഗ് ഓർഡറുകൾ നേടിയിട്ടുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അലഫ് എയറോനോട്ടിക്സ് സിഇഒ ജിം ഡുക്കോവ്നി പറഞ്ഞു. അതേസമയം, ഉൽപ്പന്നം പുറത്തിറക്കിയതിനുശേഷം ഏകദേശം 5,000 പറക്കും കാറുകൾക്കുള്ള ഓർഡറുകൾ നേടിയിട്ടുണ്ടെന്നും 2026 ൽ വൻതോതിലുള്ള ഉൽപ്പാദനവും വിതരണവും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും എക്സ്പെങ് പറഞ്ഞു. ഏകദേശം 5.5 മീറ്റർ നീളമുള്ള ഈ വാഹനം സാധാരണ ലൈസൻസോടെ പൊതു റോഡുകളിൽ ഓടിക്കാനും സാധാരണ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും കഴിയുമെന്ന് സിൻഹുവ റിപ്പോർട്ട് പറയുന്നു.

ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ (സിപിസിഎ) കണക്കുകൾ പ്രകാരം, ചൈനയിലെ 50-ഓളം ഇവി നിർമ്മാതാക്കൾ വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ മൊത്തം 2.01 ദശലക്ഷം ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. എന്നാൽ യൂറോപ്യൻ യൂണിയൻ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 27 ശതമാനം തീരുവ ചുമത്തിയതോടെ ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ വിദേശ രാജ്യങ്ങളിൽ തിരിച്ചടി നേരിട്ടു.