പ്രീമിയം ഫീച്ചറുകളും മികച്ച സുരക്ഷയുമുണ്ടായിട്ടും സിട്രോണിന്റെ മുൻനിര എസ്‌യുവിയായ C5 എയർക്രോസിന് ഇന്ത്യൻ വിപണിയിൽ കനത്ത തിരിച്ചടി. 2026 ജൂണിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാകാത്ത ഈ വാഹനത്തിന്റെ വിൽപ്പന ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന വിലയാണ്. എൻട്രി ലെവൽ വേരിയന്റ് നിർത്തലാക്കിയതോടെ വാഹനത്തിന്റെ പ്രാരംഭ വിലയും വർധിച്ചു.

പ്രീമിയം ഫീച്ചറുകളും മികച്ച സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിട്ടും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ മുൻനിര എസ്‌യുവിയായ C5 എയർക്രോസിന് ഇന്ത്യൻ വിപണിയിൽ തിരിച്ചടി. 2026 ജൂണിൽ ഈ എസ്‌യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാനായില്ല. ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ ആറു മാസത്തിനിടെ ആകെ വിറ്റത് വെറും 6 യൂണിറ്റുകൾ മാത്രമാണെന്നാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സിട്രോണിന് ജൂണിൽ ഇന്ത്യൻ വിപണിയിൽ നേരിയ വളർച്ച രേഖപ്പെടുത്താൻ കഴിഞ്ഞു. കഴിഞ്ഞ മാസം കമ്പനി ആകെ 610 വാഹനങ്ങൾ വിറ്റഴിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കായ C3യാണ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. ബസാൾട്ട് കൂപ്പെ എസ്‌യുവിക്കും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ C5 എയർക്രോസിന് ജൂണിൽ ഒരു ഉപഭോക്താവിനെപ്പോലും കണ്ടെത്താനായില്ല. മേയ് മാസത്തിൽ രണ്ട് യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

ഇതിനിടെ, C5 എയർക്രോസിന്റെ എൻട്രി ലെവൽ ഫീൽ വേരിയന്റിന്റെ വിൽപ്പനയും കമ്പനി അവസാനിപ്പിച്ചു. ഈ വേരിയന്റ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതോടെ ഇനി ടോപ്പ്-സ്പെക്ക് Shine വേരിയന്റ് മാത്രമാണ് ലഭിക്കുക. ഇതോടെ എസ്‌യുവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം മൂന്ന് ലക്ഷം ഉയർന്ന് 39.99 ലക്ഷം രൂപ ആയി.

1997 സിസി ശേഷിയുള്ള നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് C5 എയർക്രോസിന് കരുത്തേകുന്നത്. 177 പി.എസ്. കരുത്തും 400 എൻ.എം. ടോർക്കും വികസിപ്പിക്കുന്ന ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എത്തുന്നത്. 52.5 ലിറ്റർ ഇന്ധന ടാങ്കുള്ള വാഹനത്തിന് ലിറ്ററിന് 17.5 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഹാൻഡ്‌സ്-ഫ്രീ ഇലക്ട്രിക് ടെയിൽഗേറ്റ്, 580 ലിറ്റർ ബൂട്ട് സ്പേസ്, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിട്രോണിന്റെ അഡ്വാൻസ്ഡ് കംഫർട്ട് സസ്‌പെൻഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ.

സുരക്ഷയുടെ കാര്യത്തിലും C5 എയർക്രോസ് ഒട്ടും പിന്നിലല്ല. ആറ് എയർബാഗുകൾ, ബ്ലൈൻഡ് സ്‌പോട്ട് ഇൻഫർമേഷൻ സിസ്റ്റം (BLIS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് ക്യാമറ, ഫ്രണ്ട്-റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും എസ്‌യുവിയിൽ നൽകിയിട്ടുണ്ട്.

മികച്ച സാങ്കേതികവിദ്യയും പ്രീമിയം സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിട്ടും ഉയർന്ന വിലയും പരിമിതമായ ബ്രാൻഡ് സ്വീകാര്യതയും C5 എയർക്രോസിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.