വരും മാസങ്ങളിൽ പുതിയ തലമുറ ഹ്യുണ്ടായി വെന്യു, ടാറ്റ സിയറ, റെനോ ഡസ്റ്റർ എന്നിവ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ഈ പുതിയ എസ്‌യുവികൾ കാര്യമായ ഡിസൈൻ മാറ്റങ്ങൾ, ADAS പോലുള്ള നൂതന ഫീച്ചറുകൾ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുമായാണ് വരുന്നത്.
വരും മാസങ്ങളിൽ പുതിയ തലമുറ ഹ്യുണ്ടായി വെന്യു, അടുത്ത തലമുറ ടാറ്റ സിയറ, മൂന്നാം തലമുറ റെനോ ഡസ്റ്റർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെ നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകൾ ഒരുങ്ങുകയാണ്. പുതിയ വെന്യു ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, കിയ സോണറ്റ്, സബ്‌കോംപാക്റ്റ് വിഭാഗത്തിലെ മറ്റ് എസ്‌യുവികൾ എന്നിവയുമായി മത്സരിക്കുന്നത് തുടരുമ്പോൾ, സിയറയും ഡസ്റ്ററും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ ഇടത്തരം എസ്‌യുവികൾക്ക് വെല്ലുവിളി ഉയർത്തും.
പുതുതലമുറ വെന്യു 2025 നവംബർ നാലിന് വിൽപ്പനയ്‌ക്കെത്തുമെന്ന് ഹ്യുണ്ടായി ഇന്ത്യ സ്ഥിരീകരിച്ചു. ടാറ്റ സിയറ നവംബർ 25 ന് ഷോറൂമുകളിൽ എത്തും. തുടക്കത്തിൽ ഇത് ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) ഓപ്ഷനോടെയായിരിക്കും വാഗ്‍ദാനം ചെയ്യുന്നത്. 2026 ന്റെ തുടക്കത്തിൽ സിയറ ഇവി വരാൻ സാധ്യതയുണ്ട്. റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26) ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കുന്ന ഐക്കണിക് റെനോ ഡസ്റ്റർ നെയിംപ്ലേറ്റ് 2026 ജനുവരിയിൽ തിരിച്ചുവരും.
പുതിയ ഹ്യുണ്ടായി വെന്യു
നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് തന്നെ , 2025 ഹ്യുണ്ടായി വെന്യുവിന്റെ അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്യുവൽ 12.3 ഇഞ്ച് കണക്റ്റഡ് കർവ്ഡ് സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, 4-വേ പവർഡ് ഡ്രൈവർ സീറ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS എന്നിവ ഇപ്പോൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
എഞ്ചിൻ സജ്ജീകരണത്തിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ തുടർന്നും ഉൾപ്പെടും. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഗിയർബോക്സുകൾ നിലവിലെ തലമുറയിൽ നിന്ന് പകർത്തിയതാണെങ്കിലും, 2025 വെന്യുവിന് ഡീസൽ എഞ്ചിനോടൊപ്പം പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ലഭിക്കുന്നു.
പുതിയ റെനോ ഡസ്റ്റർ
മൂന്നാം തലമുറ റെനോ ഡസ്റ്ററിൽ മെച്ചപ്പെട്ട സ്റ്റൈലിംഗ്, കൂടുതൽ പ്രീമിയം, ഫീച്ചർ സമ്പന്നമായ ഇന്റീരിയർ, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ഉണ്ടാകും. താഴ്ന്നതും ഉയർന്നതുമായ ട്രിമ്മുകൾക്ക് യഥാക്രമം 1.0 ലിറ്റർ ടർബോ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കാനാണ് സാധ്യത. ഡീസൽ എഞ്ചിൻ ഓഫർ ചെയ്യില്ല. പിന്നീടുള്ള ഘട്ടത്തിൽ ഒരു ഹൈബ്രിഡ് വേരിയന്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന ഡാസിയ ബിഗ്‌സ്റ്ററിൽ നിന്ന് വലിയതോതിൽ പ്രചോദനം ഉൾക്കൊണ്ടായിരിക്കും. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കർ അർക്കാമിസ് ക്ലാസിക് ഓഡിയോ സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ADAS, ആറ് എയർബാഗുകൾ, ESC തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ടാറ്റ സിയറ
ടാറ്റ സിയറ തുടക്കത്തിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. പെട്രോൾ പതിപ്പിൽ പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (താഴ്ന്ന വേരിയന്റുകൾക്ക്), 1.5 ലിറ്റർ ടർബോ മോട്ടോർ (ഉയർന്ന വേരിയന്റുകൾക്ക്) എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഡീസൽ മോഡൽ കർവ്വിൽ നിന്നുള്ള 1.5 ടർബോ എഞ്ചിൻ കടമെടുക്കാൻ സാധ്യതയുണ്ട്. സിയറ ഇവി 2026 ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിച്ചേക്കാം, അതിന്റെ പവർട്രെയിനുകൾ ഹാരിയർ ഇവിയിൽ നിന്ന് കടമെടുത്തേക്കാം. ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ തുടങ്ങി നിരവധി നൂതന സവിശേഷതകൾ ടാറ്റ പുതിയ സിയറയിൽ ഉൾപ്പെടുത്തും.
