മാരുതി സുസുക്കിയുടെ ഇവിറ്റാര 2025-ൽ പുറത്തിറങ്ങും. 500 കിലോമീറ്റർ റേഞ്ചും, 20 ലക്ഷം രൂപയിൽ ആരംഭിക്കുന്ന വിലയും പ്രതീക്ഷിക്കുന്നു. സവിശേഷതകളും സുരക്ഷാ ഫീച്ചറുകളും ഏറെയുണ്ട്.

മാരുതി സുസുക്കിയിൽ നിന്നും ഉടൻ നടക്കാൻ ഒരുങ്ങുന്ന പ്രധാന ഉൽപ്പന്ന ലോഞ്ചുകളിൽ ഒന്നാണ് മാരുതി ഇ വിറ്റാര. ഈ കാറിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ വാഹനം 2025 ന്‍റെ ആദ്യപാദത്തിൽ (ഒരുപക്ഷേ മെയ് മാസത്തിൽ) വിൽപ്പനയ്‌ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡീലർഷിപ്പ് തലങ്ങളിൽ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രീമിയം ഓഫർ ആയതിനാൽ, ഇത് നെക്‌സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായി വിൽക്കും. ഇ വിറ്റാരയുടെ എക്സ്-ഷോറൂം വില ഏകദേശം 20 ലക്ഷം രൂപയിൽ ആരംഭിച്ച് 30 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു.

മാരുതി ഇ വിറ്റാര റേഞ്ചും ബാറ്ററിയും
49kWh, 61kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ ഇലക്ട്രിക് വിറ്റാര ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. രണ്ട് ബാറ്ററികളും ബിവൈഡിയിൽ നിന്നുള്ളത് ആയിരിക്കും. കൂടാതെ ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കുകയും ചെയ്യും. 49kWh ബാറ്ററി പതിപ്പ് 192.5Nm ടോർക്കിൽ പരമാവധി 143bhp പവർ വാഗ്‍ദാനം ചെയ്യുന്നു. അതേസമയം 61kWh ബാറ്ററി വേരിയന്റ് 173bhp ഉം 192.5Nm ഉം പീക്ക് പവർ നൽകുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം MIDC-റേറ്റഡ് റേഞ്ച് ഇവി നൽകുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി.

സവിശേഷതകൾ
ഫ്ലോട്ടിംഗ് ഡ്യുവൽ-സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള സമകാലിക ഇന്റീരിയർ ഡിസൈനാണ് ഇലക്ട്രിക് വിറ്റാരയ്ക്കുള്ളത്. ഡാഷ്‌ബോർഡിലും ഫ്ലോട്ടിംഗ് സെന്റർ കൺസോളിലും ഗ്ലോസ് ബ്ലാക്ക് ഫിനിഷുണ്ട്. ബ്രഷ് ചെയ്ത സിൽവർ സറൗണ്ടുകളുള്ള ചതുരാകൃതിയിലുള്ള എസി വെന്റുകൾ, ട്വിൻ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടർ, പാർട്ട് ഫാബ്രിക്, പാർട്ട് ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയവയാണ് ഇതിന്റെ ശ്രദ്ധേയമായ മറ്റ് വിശദാംശങ്ങൾ.

ഇ വിറ്റാരയുടെ പൂർണ്ണ ഫീച്ചർ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, ഇൻ-കാർ കണക്റ്റിവിറ്റി ടെക്, പിഎം 2.5 എയർ ഫിൽട്ടർ, ഇൻഫിനിറ്റി ബൈ ഹാർമാൻ ഓഡിയോ സിസ്റ്റം, മൾട്ടി-കളർ ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സിംഗിൾ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 10-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ ഈ ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷാ കാര്യങ്ങളിൽ, പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവി ലെവൽ 2 ADAS സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 7 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ഡിസ്‍ക് ബ്രേക്കുകൾ, കാൽനടയാത്രക്കാർക്കായി അക്കൗസ്റ്റിക് വെഹിക്കിൾ അലാറം സിസ്റ്റം (AVAS) തുടങ്ങിയവ വാഗ്‍ദാനം ചെയ്യും.

വകഭേദങ്ങളും നിറങ്ങളും
ആറ് സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമായ മൂന്ന് വേരിയന്റുകളിൽ ഇ-വിറ്റാര ലൈനപ്പ് വരാൻ സാധ്യതയുണ്ട്. മോണോടോൺ ഷേഡുകൾ ബ്ലൂയിഷ് ബ്ലാക്ക്, നെക്സ ബ്ലൂ, സ്പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ഒപ്പുലന്റ് റെഡ്, ആർട്ടിക് വൈറ്റ് എന്നിവയാണ്. ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് കറുത്ത മേൽക്കൂരയും നാല് നിറങ്ങളിലുള്ള കറുപ്പ് എ, ബി-പില്ലറുകളും ഉണ്ടായിരിക്കും.