വില 7.48 ലക്ഷം, ഹ്യുണ്ടായി പുതിയ ഓറ കോർപ്പറേറ്റ് ട്രിം എത്തി
ഹ്യുണ്ടായി പുതിയ ഓറ കോർപ്പറേറ്റ് ട്രിം പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ അവതരിപ്പിച്ചു. എസ് വേരിയന്റിനേക്കാൾ 10,000 രൂപ കൂടുതൽ വിലയുള്ള ഈ പുതിയ ട്രിം എസ്-ന് മുകളിലും എസ്എക്സ്-ന് താഴെയുമാണ് സ്ഥാനം പിടിക്കുന്നത്.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം അവതരിപ്പിച്ചു. ഇവയ്ക്ക് യഥാക്രമം 7.48 ലക്ഷം രൂപയും 8.47 ലക്ഷം രൂപയും എക്സ്-ഷോറൂം വിലയുണ്ട്. പുതിയ ഹ്യുണ്ടായി ഓറ കോർപ്പറേറ്റ് ട്രിം എസ്-ന് മുകളിലും എസ്എക്സ് ട്രിമ്മുകൾക്ക് താഴെയുമാണ് സ്ഥാപിച്ചിരിക്കുന്നത്. എസ് വേരിയന്റുകളേക്കാൾ ഏകദേശം 10,000 രൂപ കൂടുതൽ വിലയാണിത്. ഓറ സെഡാൻ മോഡൽ ലൈനപ്പ് നിലവിൽ 6.54 ലക്ഷം രൂപ മുതൽ 9.11 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിലാണ് ലഭ്യമാണ്.
ഓറ കോർപ്പറേറ്റ് ട്രിമിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും സാധാരണ മോഡലിന് സമാനമാണ്. 'കോർപ്പറേറ്റ്' ചിഹ്നം മാത്രമാണ് വ്യത്യസ്തമാക്കുന്നത്. പുതിയ ട്രിമ്മിൽ എൽഇഡി ഡിആർഎൽ, വീൽ കവറുകൾ ഉള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ, റിയർ വിംഗ് സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. ക്യാബിനിൽ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കപ്പ് ഹോൾഡറുകളുള്ള ആംറെസ്റ്റ്, പിൻ എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് MID, 2-DIN ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, യുഎസ്ബി കണക്റ്റിവിറ്റി, 4 സ്പീക്കറുകൾ, കീലെസ് എൻട്രി, പിൻ പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഡ്രൈവർ സീറ്റ് ഉയര ക്രമീകരണം, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുണ്ട്.
ഓറ കോംപാക്റ്റ് സെഡാന്റെ പുതിയ വകഭേദത്തിലും 1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്, ഇത് പരമാവധി 83 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജി വകഭേദത്തിൽ, ഇത് 69 bhp കരുത്തും 95 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ കോർപ്പറേറ്റ് വകഭേദത്തിൽ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.
