2030-ഓടെ 26 പുതിയ മോഡലുകൾ പുറത്തിറക്കാൻ ഹ്യുണ്ടായി ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിൽ എട്ട് ഹൈബ്രിഡ് വാഹനങ്ങളും, കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു പുതിയ എംപിവിയും, ഒരു ഓഫ്-റോഡ് എസ്‌യുവിയും ഉൾപ്പെടും.
2030 ആകുമ്പോഴേക്കും എട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ 26 പുതിയ മോഡലുകളുമായി തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാനാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്. കുടുംബ വാഹനങ്ങൾക്ക് അനുയോജ്യമായ എംപിവി, ഓഫ്-റോഡ് എസ്‌യുവി എന്നീ രണ്ട് പുതിയ വിഭാഗങ്ങളിലേക്കും പ്രവേശിക്കാൻ കമ്പനി പദ്ധതിയിടുന്നു. അതേസമയം വരാനിരിക്കുന്ന ഈ മോഡലുകളുടെ പേരുകളോ പ്രത്യേക വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം.
കോംപാക്റ്റ് ഫാമിലി കാർ വിഭാഗത്തിൽ മാരുതി സുസുക്കിയുടെയും കിയയുടെയും ആധിപത്യത്തെ വെല്ലുവിളിക്കാൻ തങ്ങളുടെ വരാനിരിക്കുന്ന എംപിവി ഉണ്ടാകുമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചു. ഹ്യുണ്ടായി സ്റ്റാരിയയും സ്റ്റാർഗേസർ എംപിവികളും ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോ 2024 ൽ പ്രദർശിപ്പിച്ചിരുന്നു. സ്റ്റാറിയയ്ക്ക് 5.2 മീറ്ററിലധികം നീളമുണ്ട്. കിയ കാർണിവലുമായി അതിന്റെ അടിത്തറ പങ്കിടുന്നുണ്ടെങ്കിലും, സ്റ്റാർഗേസർ 4.46 മീറ്റർ നീളമുള്ളതും കിയ കാരെൻസിന്റെ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിലേക്ക് വരുന്നത് ഹ്യുണ്ടായി സ്റ്റാർഗേസർ ആയിരിക്കാം. തായ്‌ലൻഡിൽ, ഈ എംപിവി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്.
പുതിയ ഹ്യുണ്ടായി ഓഫ്-റോഡ് എസ്‌യുവി
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഹ്യുണ്ടായി ഓഫ്-റോഡ് എസ്‌യുവികളിൽ ഒന്ന് ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, പുതിയ ഹ്യുണ്ടായി ഓഫ്-റോഡ് എസ്‌യുവി മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, പുതുതായി പുറത്തിറക്കിയ മാരുതി വിക്ടോറിസ് എന്നിവയ്‌ക്കെതിരെയാകും സ്ഥാനം പിടിക്കുക. നിലവിൽ, ഇന്ത്യയിലെ ജനപ്രിയ ഓഫ്-റോഡ് എസ്‌യുവികളായ മഹീന്ദ്ര ഥാർ, ഥാർ റോക്‌സ്, ഫോഴ്‌സ് ഗൂർഖ, മൗർത്തി ജിംനി എന്നിവ ലാഡർ-ഫ്രെയിം ചേസിസിനെ അടിസ്ഥാനമാക്കിയുള്ളതും യഥാർത്ഥ 4X4 കഴിവുകൾ വാഗ്ദാനം ചെയ്യുന്നതുമാണ്.
ഹ്യുണ്ടായി ഹൈബ്രിഡ് കാറുകൾ
ഇന്ത്യൻ വിപണിയിൽ എട്ട് പുതിയ ഹൈബ്രിഡ് വാഹനങ്ങൾ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ ബ്രാൻഡിന്റെ ആദ്യ ഹൈബ്രിഡ് ഓഫറായിരിക്കാനാണ് സാധ്യത, 2027 ൽ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേ വർഷം തന്നെ പുതിയ 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി (Ni1i എന്ന രഹസ്യനാമം) പുറത്തിറങ്ങും, 2028 ൽ ഹ്യുണ്ടായി പാലിസേഡ് പുറത്തിറങ്ങും. കമ്പനിയുടെ വൈദ്യുതീകരണ തന്ത്രത്തിന്റെ ഭാഗമായി ഹ്യുണ്ടായിയുടെ നിലവിലുള്ള ചില മോഡലുകൾക്ക് ഭാവിയിൽ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ ലഭിച്ചേക്കാം.


