ഹ്യുണ്ടായി എക്‌സ്റ്റർ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. വെറും 21 മാസത്തിനുള്ളിൽ 1.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് റെക്കോർഡ് വിൽപ്പനയാണ്. ലോഞ്ച് ചെയ്ത് വെറും 13 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
എസ്യുവികൾക്ക് ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് ഇന്ന് രാജ്യത്ത് മൈക്രോ മുതൽ കോംപാക്റ്റ്, വലുത്, ഫുൾ സൈസ് തുടങ്ങി എല്ലാത്തരം എസ്‌യുവികളും ലഭ്യവുമാണ്. ചെറു എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ച് ആധിപത്യം പുലർത്തുന്നു. എന്നാൽ ഹ്യുണ്ടായി എക്‌സ്റ്റർ പഞ്ചിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇപ്പോൾ ഈ കാർ വിൽപ്പനയുടെ കാര്യത്തിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. സിയാം പുറത്തുവിട്ട ഏറ്റവും പുതിയ വിൽപ്പന ഡാറ്റ പ്രകാരം 2025 ഏപ്രിൽ വരെ കമ്പനി എക്സ്റ്ററിന്‍റെ 1.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. അതായത് ഈ കാർ ആഭ്യന്തര വിപണിയിൽ വളരെ വേഗത്തിൽ വിറ്റുതീരുന്നു. പുറത്തിറങ്ങി വെറും 21 മാസത്തിനുള്ളിൽ 1.5 ലക്ഷം യൂണിറ്റ് വിറ്റഴിച്ചത് റെക്കോർഡ് വിൽപ്പനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ കാർ 2023 ജൂലൈ 10-നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. 2025 ഏപ്രിൽ 30 വരെ ആകെ 1,54,127 യൂണിറ്റുകൾ വിറ്റു എന്നാണ് കണക്കുകൾ..
ലോഞ്ച് ചെയ്ത് വെറും 13 മാസത്തിനുള്ളിൽ, അതായത് 2024 ഓഗസ്റ്റിൽ, ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതിന്റെ റെക്കോർഡ് ഹ്യുണ്ടായി എക്‌സ്റ്റർ കൈവരിച്ചിരുന്നു. അതേസമയം, ലോഞ്ച് ചെയ്ത് വെറും എട്ട് മാസത്തിന് ശേഷം 50,000 യൂണിറ്റുകൾ വിറ്റഴിച്ചു. രാജ്യത്തെ ചെറു എസ്‌യുവി വിപണിയിൽ ഒരു യുദ്ധം നടക്കുകയാണ്. ടാറ്റ പഞ്ചും ഹ്യുണ്ടായി എക്‌സ്റ്ററും നേരിട്ടുള്ള എതിരാളികളാണ്. ഒപ്പം ഈ മത്സരിത്തിൽ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയുണ്ട്.
ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ സവിശേഷതകൾ
വിൽപ്പനയുടെ കാര്യത്തിൽ മാത്രമല്ല, സവിശേഷതകളുടെ കാര്യത്തിലും ഹ്യുണ്ടായി എക്സ്റ്റർ ഒരു മികച്ച കാറാണ്. ബോക്‌സി അനുപാതങ്ങളും നേരായ നിലപാടും ഉപയോഗിക്കുന്ന ഹ്യുണ്ടായിയുടെ 'പാരാമെട്രിക്' ഡിസൈൻ ഭാഷയാണ് എക്‌സ്റ്റർ പിന്തുടരുന്നത്. മുൻവശത്ത്, മിനി-എസ്‌യുവിക്ക് സംയോജിത 'H' ആകൃതിയിലുള്ള എൽഇഡി - ഡിആഎല്ലുകൾ ഉള്ള സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണം ലഭിക്കുന്നു. മുൻവശത്ത് വീതിയേറിയതും വ്യത്യസ്തവുമായ കറുത്ത ഗ്രില്ലും, കൃത്രിമ സിൽവർ സ്‌കിഡ് പ്ലേറ്റും ലഭിക്കുന്നു. ഫ്ലേർഡ് വീൽ ആർച്ചുകൾ, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, വൃത്തിയുള്ള ലൈനുകൾ, ഓൾ-റൗണ്ട് ബോഡി ക്ലാഡിംഗ് എന്നിവ സൈഡ് പ്രൊഫൈലിന്റെ സവിശേഷതയാണ്. ഇത് വാഹനത്തിനൊരു കരുത്തുറ്റ രൂപം നൽകുന്നു. ഈ കാർ 5 ട്രിമ്മുകളിൽ ലഭ്യമാണ്, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉണ്ട്. 1.2 ലിറ്റർ എഞ്ചിനാണ് എക്‌സെറ്ററിൽ വരുന്നത്. ഇത് 82 കുതിരശക്തി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ പ്രാരംഭ വില 6 ലക്ഷം രൂപയാണ്. ഈ കാർ 19.4 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. അതേസമയം സിഎൻജിയിൽ ഈ കാർ 27.10 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു.
എക്‌സ്റ്ററിന് പിന്നിൽ എൽഇഡി ടെയിൽ-ലൈറ്റുകൾ, ഷാർക്ക്-ഫിൻ ആന്റിന, റൂഫ് റെയിലുകൾ, സിംഗിൾ-പാനൽ സൺറൂഫ് എന്നിവയുണ്ട് - സെഗ്‌മെന്റിലെ ആദ്യ സവിശേഷത. അകത്തളത്തിൽ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സ്യൂട്ടിന് കീഴിൽ 60-ലധികം കണക്റ്റഡ് കാർ സവിശേഷതകളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയും കാറിന് ലഭിക്കുന്നു. ഫാക്ടറി ഫിറ്റഡ് ഡ്യുവൽ-മോണിറ്ററിംഗ് ഡാഷ്‌ബോർഡ് ക്യാമറയും എക്‌സ്റ്ററിൽ ക്രൂയിസ് കൺട്രോളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.
അതേസമയം കമ്പനി അടുത്തിടെ എക്സ്റ്റർ ലൈനപ്പ് കൂടുതൽ വികസിപ്പിച്ചിരുന്നു. എസ് സ്മാർട്ട്, എസ് എക്സ് സ്മാർട്ട് എന്നിങ്ങനെ കൂടുതൽ താങ്ങാവുന്ന വിലയുള്ള രണ്ട് വേരിയന്‍റുകൾ കമ്പനി എക്സ്റ്ററിന് പുതുതായി നൽകി. 7.68 ലക്ഷം രൂപ മുതൽ 9.18 ലക്ഷം രൂപ വരെയാണ് വില. രണ്ട് ട്രിമ്മുകളും 1.2 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ പരമാവധി 83 ബിഎച്ച്പി പവറും 114 എൻഎം ടോർക്കും നൽകുന്നു, അതേസമയം സിഎൻജി പതിപ്പ് 69 ബിഎച്ച്പി പവറും 95.2 എൻഎം ടോർക്കും നൽകുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉൾപ്പെടുന്നു.
ഹ്യുണ്ടായി എക്‌സ്റ്റർ എസ് സ്മാർട്ട്, എസ്‌എക്സ് സ്മാർട്ട് വേരിയന്റുകൾ അവതരിപ്പിച്ചതോടെ സൺറൂഫ് കൂടുതൽ താങ്ങാനാവുന്ന വിലയുള്ളതായി മാറി. എസ് സ്മാർട്ട് വേരിയന്റിൽ റിയർ എസി വെന്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലാമ്പുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയും ലഭ്യമാണ്. എസ്‌എക്സ് സ്മാർട്ട് ട്രിമിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ള കീലെസ് എൻട്രി, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ലഭ്യമാണ്.



