ഹ്യുണ്ടായി അവരുടെ പുതിയ കൺസെപ്റ്റ് മോഡലായ അയോണിക് 2 ന്റെ ടീസർ പുറത്തിറക്കി. 2025 സെപ്റ്റംബർ 9 ന് ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന എഐഎ മൊബിലിറ്റി ഷോയിലാണ് ഇത് അവതരിപ്പിക്കുക. 

2025 സെപ്റ്റംബർ 9 ന് ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന എഐഎ മൊബിലിറ്റി ഷോ 2025 ൽ അവതരിപ്പിക്കുന്ന പുതിയ കൺസെപ്റ്റ് മോഡലിന്റെ ആദ്യ ടീസർ ഹ്യുണ്ടായി പുറത്തിറക്കി. ഇതിനെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഈ കൺസെപ്റ്റ് അയോണിക് 2 എന്ന പേരിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഹ്യുണ്ടായി അയോണിക് 2 കോംപാക്റ്റ് ഇവി 2025 ജൂലൈയിൽ പരീക്ഷണത്തിനിടെയാണ് ആദ്യമായി കണ്ടെത്തിയത്. ഇത് വാഹനം ഉൽ‌പാദനത്തിന് തയ്യാറാണെന്ന് സൂചിപ്പിക്കുന്നു.

മുൻ ബമ്പറിൽ വലിയ എയർ ഇൻടേക്കുകൾ, നോസ് ഡിസൈൻ, എക്സ്റ്റെൻഡഡ് ഫെൻഡറുകൾ എന്നിവ ഫോട്ടോയിൽ കാണിച്ചിരിക്കുന്നു. മൊത്തത്തിൽ ഇതിന്റെ ആകൃതി പ്രോട്ടോടൈപ്പിന് സമാനമാണ്. പക്ഷേ ഈ കൺസെപ്റ്റ് ഒരു ബോഡികിറ്റും വ്യത്യസ്‍ത വീലുകളും ഉപയോഗിച്ച് പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കിയ ഇവി2 യുമായി സഹകരിച്ചാണ് ഹ്യുണ്ടായി അയോണിക് 2 വികസിപ്പിക്കുന്നത്. രണ്ട് മോഡലുകളും ഡിസൈനും സവിശേഷതകളും പങ്കിടും. വലിയ കിയ ഇവി3യിൽ ഉപയോഗിക്കുന്ന 400V ആർക്കിടെക്ചറിന് സമാനമായ, ഇവി-ഒൺലി ഇ-ജിഎംപി പ്ലാറ്റ്‌ഫോമിന്റെ കുറഞ്ഞ വിലയുള്ള, ഫ്രണ്ട്-വീൽ ഡ്രൈവ് വേരിയന്‍റ് ആയിരിക്കും ഈ കോംപാക്റ്റ് ഇവി.

കിയ അതിന്റെ ക്രോസ്ഓവർ 58.3 kWh, 81.4 kWh ഓപ്ഷനുകളിൽ വിൽക്കുന്നു. അതേസമയം അയോണിക് 2 ചെറിയ യൂണിറ്റിലേക്ക് പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ ബാറ്ററിയിൽ ഫ്രണ്ട്-വീൽ ഡ്രൈവ് ഡ്രൈവ്ട്രെയിൻ സജ്ജീകരിക്കാൻ സാധ്യതയുണ്ട്.

റേഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഏറ്റവും വലിയ ബാറ്ററി പായ്ക്കുള്ള EV3 ഒറ്റ ചാർജിൽ 605 കിലോമീറ്റർ വരെ സഞ്ചരിക്കും. 201 bhp കരുത്തും 283 Nm ടോർക്കും നൽകും. എന്നാൽ അയോണിക് 2 ഇതിനേക്കാൾ അൽപ്പം കുറഞ്ഞ റേഞ്ച് നൽകുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ നഗര ഡ്രൈവിംഗിന് നല്ല റേഞ്ച് ഉള്ള ഒരു കാറായിരിക്കും ഇത്. 21 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി അയോണിക് 2വിന് പ്രതീക്ഷിക്കുന്ന വില.

അതേസമയം ഹ്യുണ്ടായി അയോണിക് 2 ഇന്ത്യൻ വിപണിയിൽ എത്തുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. കമ്പനി ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി ക്രമേണ വികസിപ്പിക്കുകയാണ്. അടുത്തിടെ കമ്പനി അയോണിക് 5 ഉം ക്രെറ്റ ഇലക്ട്രിക്കും പുറത്തിറക്കിയിരുന്നു. അതകൊണ്ടുതന്നെ ഇന്ത്കോംപാക്റ്റ് ഇവി വിപണിയിൽ അയോണിക് 2 കമ്പനിക്ക് ഒരു മികച്ച മോഡൽ ആയിരിക്കാൻ സാധ്യതയുണ്ട്.