ചെന്നൈ:  2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‍നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമ്മാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്ക്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നതും വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെതുമായ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഈ വര്‍ഷം നിരത്തിലെത്തുമെന്ന് കരുതുന്ന വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ക്യാമറയില്‍ കുടുങ്ങിയെന്നതാണ് പുതിയ വാര്‍ത്ത.

ചെന്നൈയിലെ ശ്രീപെരുമ്പതൂരിലെ ഹൈവേയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ക്യാമറയില്‍ പതിഞ്ഞത്. മൂടിക്കെട്ടിയ നിലയിലാണ് വാഹനം. മുമ്പ് ദില്ലിയില്‍ നിന്നും പരീക്ഷണയോട്ട ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കൂർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിന്​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 

ആഡംബര കാറുകള്‍ക്ക് സമാനമായ ഇന്റീരിയറായിരിക്കും വാഹനത്തില്‍. ഉയര്‍ന്ന വേരിയന്റില്‍ എട്ട് ഇഞ്ചും അടിസ്ഥാന മോഡലില്‍ ഏഴ് ഇഞ്ചും വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ടാകും. റെഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്.   അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും. അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്.  ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയ്ക്ക്  ഹ്യൂണ്ടായ് കോന ലഭ്യമായേക്കും. 

ഇക്കാല്ലം രണ്ടാം പകുതിയിൽ തന്നെ കോന ഇന്ത്യയിൽ അരങ്ങേറുമെന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂവും എച്ച് എം ഐ എൽ വൈസ് പ്രസിഡന്റ്(കോർപറേറ്റ് അഫയേഴ്സ്) ബി സി ദത്തയും നേരത്തെ  തന്നെ വ്യക്തമാക്കിയിരുന്നു. വൈദ്യുത വാഹന ഉൽപ്പാദനം കൂടി മുൻനിർത്തി 7,000 കോടി രൂപയുടെ നിക്ഷേപമാണ് ശ്രീപെരുംപുത്തൂരിലെ ശാലയിൽ ഹ്യുണ്ടേയ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.