2028-ൽ പുറത്തിറങ്ങാനിരിക്കുന്ന ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ഹ്യുണ്ടായിയുടെ മുൻനിര ഓഫറായി പാലിസേഡ് എസ്‌യുവി എത്തും.
2030 ഓടെ ഐസിഇ എഞ്ചിൻ, ഇലക്ട്രിക്, ഹൈബ്രിഡ് വിഭാഗങ്ങളിലായി 26 പുതിയ മോഡലുകൾ പുറത്തിറക്കുക എന്നതാണ് ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ച ഉൽപ്പന്ന തന്ത്രം. വരാനിരിക്കുന്ന എല്ലാ മോഡലുകളുടെയും പേരുകളും വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അതിലൊന്നായിരിക്കും ഹ്യുണ്ടായി പാലിസേഡ് എസ്‌യുവി. 2028 ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ഹ്യുണ്ടായിയുടെ മുൻനിര ഓഫറായി പാലിസേഡ് എസ്‌യുവി എത്തും എന്നാണ് റിപ്പോർട്ടുകൾ.
ഒരു ഫ്ലാഗ്ഷിപ്പ് എസ്‌യുവി ആയതിനാൽ പാലിസേഡ് തീർച്ചയായും ഒരു പ്രീമിയം ഓഫറായിരിക്കും. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി ഹ്യുണ്ടായി ഈ എസ്‌യുവി പ്രാദേശികവൽക്കരിച്ച് നിർമ്മിച്ചാൽ ഏകദേശം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. ഈ വിലയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ കാറുകളിൽ നിന്ന് ഇതിന് വെല്ലുവിളി നേരിടേണ്ടിവരും.
ബ്രാൻഡിന്റെ പുതുതലമുറ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡലായിരിക്കും പാലിസേഡ്. ഇന്ധനക്ഷമതയിൽ 45 ശതമാനം മെച്ചപ്പെടുത്തലും മികച്ച പ്രകടനവും ഇത് നൽകുമെന്ന് അവകാശപ്പെടുന്നു. ഈ പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ 1.6 ലിറ്റർ ടർബോയും 2.5 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്‍ദാനം ചെയ്യും.. ഇന്ത്യയിലേക്ക് പോകുന്ന 7/8 സീറ്റർ ഹ്യുണ്ടായി എസ്‌യുവിയിൽ വലിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. പുതിയ ബ്രേക്കിംഗ് സിസ്റ്റവും V2L (വെഹിക്കിൾ-ടു-ലോഡ്) ചാർജിംഗ് ഫീച്ചറുകളും മെച്ചപ്പെടുത്തിയിരിക്കുന്നു.
ഈ പുതിയ ഹൈബ്രിഡ് കോൺഫിഗറേഷന്റെ സംയോജിത പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 334bhp ഉം 460Nm ഉം ആയിരിക്കും. ഇത് 14.1 കിമി ഇന്ധനക്ഷമതയും 1,015 കിമി ഡ്രൈവിംഗ് റേഞ്ചും നൽകും. ആഗോള വിപണികളിൽ, പാലിസേഡ് നിലവിൽ 3.5L V6 പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്. ഈ എഞ്ചിൻ പരമാവധി 290bhp പവറും 353Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മുൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്നു. എസ്‌യുവിയുടെ വരാനിരിക്കുന്ന ഹൈബ്രിഡ് പതിപ്പിൽ ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇത് മൂന്ന് ഡ്രൈവ് മോഡുകളും (ഇക്കോ, സ്‌പോർട്, മൈ ഡ്രൈവ്) മൂന്ന് ടെറൈൻ മോഡുകളും (മഡ്, സ്നോ, സാൻഡ്) വാഗ്‍ദാനം ചെയ്യുന്നു.
എട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നുവരി ലേഔട്ടിലാണ് പാലിസേഡ് വരുന്നത്. എന്നാൽ മധ്യഭാഗത്ത് പരമാവധി സുഖസൗകര്യങ്ങൾ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക്, ഫുട്‌റെസ്റ്റുകളുള്ള ചാരിയിരിക്കാവുന്ന രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളാണ് ഹ്യുണ്ടായി വാഗ്‍ദാനം ചെയ്യുന്നത് . 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉൾപ്പെടുന്ന ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ഡാഷ്‌ബോർഡിൽ ലഭിക്കുന്നു.
മീഡിയ സിസ്റ്റത്തിനും എച്ചവിഎസി ഫംഗ്ഷനുകൾക്കുമായി പാലിസേഡിന്റെ സെന്റർ കൺസോളിൽ ധാരാളം ഫിസിക്കൽ കൺട്രോളുകൾ ഉണ്ട്. ഒരു വലിയ ആംറെസ്റ്റ്, വലിയ സ്റ്റോറേജ് സ്പേസ്, വയർലെസ് ചാർജിംഗ് സ്ലോട്ട് എന്നിവയുണ്ട്. എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനും വാലറ്റ് മോഡ് പ്രവർത്തനക്ഷമമാക്കാനും കഴിയുന്ന ഒരു ഫിംഗർപ്രിന്റ് സെൻസറും പാലിസേഡിന്‍റെ സെന്റർ കൺസോളിൽ ലഭിക്കുന്നു.
പിൻ പാർക്കിംഗ് ക്യാമറ ക്ലീനിംഗ് സിസ്റ്റം, ഡിജിറ്റൽ കീ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹീറ്റിംഗും കൂളിംഗും ഉള്ള പവർ സീറ്റുകൾ, 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനം, എഡിഎഎസ് സ്യൂട്ട്, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം തുടങ്ങിയവയാണ് പാലിസേഡിലുള്ള മറ്റ് ഫീച്ചറുകൾ.
