Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സൈന്യത്തിനായി മാരുതി ജൂണിൽ നല്‍കിയത് 700 ജിപ്‌സികൾ

ഐതിഹാസിക വാഹന മോഡലായ ജിപ്‌സി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി വീണ്ടും നിർമ്മിച്ച് ഡെലറിവറികൾ ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി

In June Maruti take obver 700 Gypsies to the Indian Army
Author
Mumbai, First Published Jul 14, 2020, 8:10 PM IST

ഐതിഹാസിക വാഹന മോഡലായ ജിപ്‌സി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി വീണ്ടും നിർമ്മിച്ച് ഡെലറിവറികൾ ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 2020 ജൂണിൽ ജിപ്‌സിയുടെ 718 യൂണിറ്റുകൾ മാരുതി സുസുക്കി ഇന്ത്യൻ സൈന്യത്തിന് കൈമാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ച് മുതൽ മാരുതി ജിപ്‌സി ഉൽപ്പാദനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വാഹനത്തിന്റെ യൂണിറ്റുകൾ ഇന്ത്യൻ സൈന്യം തുടര്‍ന്നും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ജിപ്‌സിയുടെ നിര്‍മ്മാണം മാരുതി സുസുക്കി  വീണ്ടും തുടങ്ങിയിരിക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് വാഹനം വീണ്ടും മാരുതി ഉത്പാദിപ്പിക്കുന്നത്.

സുരക്ഷാ കാരണങ്ങളാൽ നിർത്തലാക്കിയെങ്കിലും സൈന്യത്തിന്റെ ആവശ്യം കണക്കിലെടുത്ത് സുരക്ഷാ മന്ത്രാലയം വാഹനത്തിന്റെ ഉത്പാദനത്തിന് പ്രത്യേക അനുമതി നൽകുകയായിരുന്നു. ഇങ്ങനെ ബി‌എസ്6 നിലവാരത്തിൽ നിർമിച്ച ജിപ്‌സിയാണ് സൈന്യത്തിന് നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് നിലവിലുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജിപ്‌സി സാധാരണ പൗരന്മാർക്ക് ലഭ്യമാകില്ല.

80 bhp കരുത്തും 130 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ G-സീരീസ് ബിഎസ്6 പെട്രോൾ എഞ്ചിനാണ് മാരുതി ജിപ്‌സിയുടെ ഹൃദയം.  ഫോർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്ന വാഹനത്തിൽ മുമ്പ് അഞ്ച് സ്പീഡ് ഗിയർബോക്സാണ് വന്നിരുന്നത്.  ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജാപ്പനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി.

മൂന്നു പതിറ്റാണ്ടിനിടെ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങളൊന്നും സംഭവിച്ചിരുന്നില്ല.  ഇടക്കാലത്ത്  ജിപ്‌സി കിംഗ് എന്ന പേരില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. 2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി.

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റു പല സേനകളുടെയും ഇഷ്ടവാഹനമായി തീര്‍ന്നിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ ആക്ഷന്‍ സിനിമകളിലെ മിന്നും താരവും ജിപ്‍സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്.

അതേസമയം ജിപ്‍സിക്ക് പകരക്കാരനായി പുത്തന്‍ ജിംനിയെ മാരുതി ഉടന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനമാണ് വിപണിയിലേക്ക് എത്തുന്നത്.  ഈ വർഷം അവസാനമോ 2021 -ന്റെ തുടക്കമോ ഈ കാർ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

വിറ്റാര ബ്രെസ്സയ്ക്കും സിയാസിനും മറ്റ് മാരുതി ഉപയോഗിക്കുന്ന അതേ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 105 bhp കരുത്തും 138 Nm ടോക്കും സൃഷ്‍ടിക്കും. പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. പുത്തന്‍ ജിംനിക്ക് ഇന്ത്യയില്‍ എത്തുമ്പോള്‍ ജിപ്‍സി എന്ന പേരു തന്നെ നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios