പുതിയ ആക്‌സസറികളും ചില അപ്‌ഗ്രേഡുകളുമായി ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷൻ. പിൻ സീറ്റ് ഐപാഡ് ഹോൾഡർ, സൈഡ് സ്റ്റെപ്പുകൾ എന്നിവയും ടീസർ വീഡിയോ സ്ഥിരീകരിച്ചു. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ അൽപ്പം കൂടുതലായിരിക്കും വില.

നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കി 2022-ലാണ് പുറത്തിറങ്ങിയത്. ഇപ്പോൾ എസ്‌യുവിയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി. സിഗ്നേച്ചർ എഡിഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോഞ്ചിന് മുമ്പ് കമ്പനി ഈ എസ്‌യുവിയുടെ ഒരു ചെറിയ ടീസർ പുറത്തിറക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കുറച്ച് അപ്‌ഗ്രേഡുകളോടെ വാഹനം വരും എന്നാണ് റിപ്പോർ‍ട്ടുകൾ.

ടീസർ വീഡിയോയിൽ ചില പുതിയ ആക്‌സസറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഇതിനെ വളരെ സവിശേഷവും വ്യത്യസ്‍തവുമാക്കുന്നു. പിൻ സീറ്റ് ഐപാഡ് ഹോൾഡറും സൈഡ് സ്റ്റെപ്പുകളും ഇതിൽ ലഭിക്കുന്നു. ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷന്റെ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നുമില്ല. ഇത് സാധാരണ രൂപകൽപ്പനയിൽ തന്നെ എത്തും. ചില മാറ്റങ്ങൾ മാത്രമേ അതിൽ ലഭിക്കുകയുള്ളൂ. ഏഴ് സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, ക്ലാംഷെൽ ബോണറ്റ്, ബോക്സി സിലൗറ്റ്, 20 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയവയിൽ മാറ്റങ്ങൾ ലഭിക്കും.

ഉൾഭാഗത്ത്, അപ്ഹോൾസ്റ്ററിയിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. അതേസമയം ഡാഷ്‌ബോർഡിന്റെ ലേഔട്ട് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വാഹനത്തിൽ ലഭ്യമായ സവിശേഷതകളുടെ പട്ടികയിൽ 10 ഇഞ്ച് എച്ച്‍യുഡി, വയർലെസ് ചാർജിംഗ്, മൂന്ന്-സ്‌ക്രീൻ സജ്ജീകരണം, 9-സ്പീക്കർ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. എസ്‌യുവിയിൽ ഒരു ടാബ്‌ലെറ്റ് ഹോൾഡർ, ഒരു ഡിവിആ‍ർ, സൈഡ് സ്റ്റെപ്പുകൾ തുടങ്ങിയവയും ടീസർ വീഡിയോ സ്ഥിരീകരിച്ചു.

ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷന്റെ പവർട്രെയിൻ വാഹനത്തിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായിരിക്കും. അതായത്, 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉണ്ടാകും. 268 എച്ച്പി പവറും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് ട്യൂൺ ചെയ്തിരിക്കുന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി എട്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) തുടങ്ങിയ സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്.

ജീപ്പ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷന്റെ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഇത് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് ഇന്ത്യയിൽ ഒരു 'ലിമിറ്റഡ് (O)' വേരിയന്റ് മാത്രമേയുള്ളൂ. നിലവിലെ മോഡലിന്റെ എക്സ്-ഷോറൂം വില 67.50 ലക്ഷം രൂപയാണ്. സിഗ്നേച്ചർ എഡിഷന്റെ വില സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ അൽപ്പം കൂടുതലായിരിക്കാം.