ഇന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മഹീന്ദ്ര XUV3XO ഇവി, ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്, ഹ്യുണ്ടായി ഇൻസ്റ്റർ ഇവി, കിയ സിറോസ് ഇവി എന്നിവയാണ് പുതിയ മോഡലുകൾ.

ന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ വ്യത്യസ്‍ത വില പരിധികളിലായി നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകൾ നടക്കാൻ ഒരുങ്ങുകയാണ്. നിങ്ങൾ നിങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം ആസൂത്രണം ചെയ്യുകയാണെങ്കിലോ സാങ്കേതികവിദ്യയിൽ സമ്പന്നമായ ഒരു അർബൻ ഇലക്ട്രിക് കാറിനായി കാത്തിരിക്കുകയാണെങ്കിലോ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട നാല് മോഡലുകൾ ഉണ്ട്. മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും യഥാക്രമം വരും മാസങ്ങളിൽ അപ്‌ഡേറ്റ് ചെയ്‌ത XUV3XO ഇവിയും പഞ്ച് ഇവിയും പുറത്തിറക്കാൻ തയ്യാറാണ്. പ്രീമിയം വിഭാഗത്തിൽ, കിയ സിറോസ് ഇവിയെ അവതരിപ്പിക്കും. അതേസമയം ഹ്യുണ്ടായി അടുത്ത വർഷം ഇൻസ്റ്റർ ഇവിയെ കൊണ്ടുവരും. ഇതാ ഈ വാഹനങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം.

മഹീന്ദ്ര XUV3XO ഇവി

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറച്ചുകാലമായി XUV3XO ഇവി പരീക്ഷിച്ചുവരികയാണ് . ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വരും മാസങ്ങളിൽ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര XUV3XO ഇവി 35kWh ഉം 39.4kWh ഉം എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം വാഗ്‍ദാനം ചെയ്തേക്കാം. ഇത് 350 കിമി മുതൽ 450 കിമി വരെ റേഞ്ച് നൽകുന്നു. മഹീന്ദ്ര അതിന്‍റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചില ഇവി അനുസൃത മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.

ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ പഞ്ച് ഇവിക്ക് 2025 ഒക്ടോബറിൽ മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ 489 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന നെക്‌സോൺ ഇവിയുടെ 45kWh ബാറ്ററി പായ്ക്ക് ഈ കോംപാക്റ്റ് എസ്‌യുവിക്ക് ലഭിക്കും. ഇത് 145bhp പവറും 215Nm ടോർക്കും നൽകുന്നു. 2025 ടാറ്റ പഞ്ച് ഇവിയിൽ വലിയ ടച്ച്‌സ്‌ക്രീൻ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ അപ്ഹോൾസ്റ്ററി, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയേക്കാം.

ഹ്യുണ്ടായി ഇൻസ്റ്റർ ഇവി

ടാറ്റ പഞ്ച് ഇവിയോടും വരാനിരിക്കുന്ന മഹീന്ദ്ര XUV3XO ഇവിയോടും മത്സരിക്കാൻ ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു . ആഗോളതലത്തിൽ പുറത്തിറക്കുന്ന പതിപ്പിന് സമാനമായി, ഇന്ത്യയിലേക്കുള്ള മോഡലിൽ 42kWh, 49kWh ബാറ്ററി പായ്ക്കുകൾ ഉണ്ടായിരിക്കാം. ഇവ യഥാക്രമം 300 കിലോമീറ്ററും 355 കിലോമീറ്ററും ഓടുമെന്ന് അവകാശപ്പെടുന്നു. എഡിഎഎസ് സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം തുടങ്ങിയ സവിശേഷതകളോടെയാണ് ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുടെ പ്രീമിയം ഓഫർ.

കിയ സിറോസ് ഇ വി

വരാനിരിക്കുന്ന കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവികളുടെ പട്ടികയിൽ അടുത്തത് കിയ സിറോസ് ഇവി ആണ്. ഇത് ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുടെ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, ഇൻസ്റ്റർ ഇവിയിൽ 42kWh, 49kWh എൻഎംസി ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. ഇലക്ട്രിക് സിറോസിൽ ഒരു ക്ലോസ്‍ഡ്-ഓഫ് ഗ്രിൽ ഇവി ബാഡ്‍ജുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയി വീലുകൾ എന്നിവ ഉൾപ്പെടും എന്നാണ് റിപ്പോ‍ട്ടുകൾ.