മാരുതി സുസുക്കി പുതിയ അഞ്ച് സീറ്റർ എസ്‌യുവി 2025 ദീപാവലിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകൾക്ക് എതിരാളിയായിരിക്കും ഈ വാഹനം. 

മാരുതി സുസുക്കിയിൽ നിന്നുള്ള പുതിയ അഞ്ച് സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മറ്റ് മിഡ്‌സൈസ് എസ്‌യുവികൾ തുടങ്ങിയ മോഡലുകൾക്ക് എതിരെ മത്സരിക്കും. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ഇതിനകം വിൽപ്പനയിലുള്ള മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായി ഈ കാർ വരും. നെക്‌സ എക്‌സ്‌ക്ലൂസീവ് ഓഫറായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി, പുതിയ മാരുതി എസ്‌യുവി ഏരിയ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും വിൽക്കുക. 2025 ദീപാവലി സീസണിൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഈ വാഹനത്തെപ്പറ്റി ചില കാര്യങ്ങൾ അറിയാം.

വിലയും സ്ഥാനവും

മാരുതി മിഡ്‌സൈസ് എസ്‌യുവിയായ Y17 എന്ന കോഡ്‌നാമം നേരത്തെ തന്നെ കമ്പനി നൽകിയിട്ടുണ്ട്. എസ്‌കുഡോ എന്ന പേരിലാണ് പുതിയ മാരുതി വാഹനം അറിയപ്പെടുക എന്ന് റിപ്പോ‍ട്ടുകൾ ഉണ്ട്. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, ബ്രെസയ്ക്ക് മുകളിലും ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയുമായി മാരുതി എസ്‌കുഡോ സ്ഥാനം പിടിക്കും. ബ്രെസയേക്കാൾ അൽപ്പം വിലയേറിയതും ഗ്രാൻഡ് വിറ്റാരയേക്കാൾ താങ്ങാനാവുന്ന വില ഉള്ളതുമായിരിക്കും എസ്‍ക്യുഡോ എന്നാണ് റിപ്പോ‍ട്ടുകൾ.

ഡിസൈനും ഇന്റീരിയറും

മാരുതി എസ്ക്യൂഡോയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും ഇന്റീരിയറും ഗ്രാൻഡ് വിറ്റാരയുമായി സാമ്യമുള്ളതായിരിക്കാം. എങ്കിലും, ചില നൂതന സവിശേഷതകൾ ഇതിൽ നഷ്ടപ്പെട്ടേക്കാം. അളവുകളുടെ കാര്യത്തിൽ, ഈ പുതിയ മാരുതി എസ്‌യുവി ബ്രെസയേക്കാൾ വലുതായിരിക്കും. കൂടാതെ ഗ്രാൻഡ് വിറ്റാരയേക്കാൾ അൽപ്പം നീളവും കൂടും. അങ്ങനെയാണെങ്കിൽ, എസ്ക്യൂഡോ ഗ്രാൻഡ് വിറ്റാരയേക്കാൾ കൂടുതൽ ബൂട്ട് സ്‌പേസ് വാഗ്‍ദാനം ചെയ്തേക്കാം.

എഞ്ചിൻ ഓപ്ഷനുകൾ

ഗ്രാൻഡ് വിറ്റാരയിൽ നിന്നുള്ള പവർട്രെയിൻ സജ്ജീകരണം എസ്‍ക്യുഡോ സ്വീകരിക്കാൻ സാധ്യതയുണ്ട്. മാരുതി എസ്ക്യൂഡോ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ വാഗ്‍ദാനം ചെയ്യൂ എന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ച് ഈ സജ്ജീകരണം 103 bhp പവർ നൽകുന്നു.

ഉയർന്ന വില കാരണം പുതിയ മാരുതി എസ്‌യുവിയിൽ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഒഴിവാക്കിയേക്കാം. ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് പതിപ്പിൽ ടൊയോട്ടയുടെ ആറ്റ്കിൻസൺ 1.5 ലിറ്റർ പെട്രോൾ പവർട്രെയിൻ ഉപയോഗിക്കുന്നു. ഈ എഞ്ചിന് 79 ബിഎച്ച്പിയും 141 എൻഎമ്മും ഉത്പാദിപ്പിക്കാൻ സാധിക്കും. ഇ-സിവിടി ഗിയർബോക്‌സാണ് ഇതിൽ വരുന്നത്.