ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 30 ദശലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 42 വർഷം കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാരുതി മാറി.

ന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് 30 ദശലക്ഷം പാസഞ്ചർ വാഹനം വിറ്റഴിച്ച വാഹന നിർമ്മാതാക്കൾ എന്ന നേട്ടമാണ് മാരുതി സുസുക്കി സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ ആഭ്യന്തര വിപണിയിൽ ഈ നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ ഇന്ത്യൻ കാർ നിർമ്മാതാക്കളായി മാരുതി സുസുക്കി മാറി. വെറും 42 വർഷത്തിനുള്ളിൽ ഈ നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അറിയിച്ചു. 1983 ഡിസംബർ 14 ന് മാരുതി സുസുക്കി തങ്ങളുടെ ആദ്യ കാറായ മാരുതി 800 ഇന്ത്യയിലെ ഒരു ഉപഭോക്താവിന് കൈമാറി. അതിനുശേഷം, എല്ലാ വിഭാഗം ഉപഭോക്താക്കളിലേക്കും കമ്പനി പടർന്നു. 

മാരുതി സുസുക്കിയുടെ ഈ ചരിത്രം മൂന്ന് ഘട്ടങ്ങളിലായാണ് സൃഷ്‍ടിക്കപ്പെട്ടത് . ആദ്യത്തെ 10 ദശലക്ഷം വാഹന വിൽപ്പന 28 വർഷവും രണ്ട് മാസവും അതായത് 1983 മുതൽ 2011 വരെക്കൊണ്ട് മാരുതി നേടി. രണ്ടാമത്തെ ഒരുകോടി വെറും ഏഴ് വർഷവും അഞ്ച് മാസവും അതായത് 2011 മുതൽ 2019 വരെ നേടി. മൂന്നാമത്തെ ഒരുകോടി റെക്കോർഡ് ആറ് വർഷവും നാല് മാസവും അതായത് 2019 മുതൽ 2025 വരെക്കൊണ്ട് നേടി.

ഏറ്റവും ജനപ്രിയ മോഡലുകൾ

മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്ന് കാറുകളാണ് ആൾട്ടോ, വാഗൺ ആർ, സ്വിഫ്റ്റ് എന്നിവയെന്ന് കമ്പനി പറയുന്നു . മാരുതിയുടെ വളർച്ചയ്ക്ക് ഈ മോഡലുകൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട് . നിലവിൽ കമ്പനിക്ക് 19 മോഡലുകളുടെയും 170 വകഭേദങ്ങളുടെയും ശക്തമായ ഒരു പോർട്ട്‌ഫോളിയോ ഉണ്ട്, അവ ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾക്കും ബജറ്റിനും അനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു . ആൾട്ടോയുടെ 4.7 ദശലക്ഷം യൂണിറ്റുകളും വാഗൺ ആറിന്റെ 3.1 ദശലക്ഷം യൂണിറ്റുകളും സ്വിഫ്റ്റിന്റെ 2.9 ദശലക്ഷം യൂണിറ്റുകളും കമ്പനി വിറ്റു .​​​​

കമ്പനി പ്രതികരണം

മൂന്ന് കോടി ഉപഭോക്താക്കളുടെ വിശ്വാസമാണ് തങ്ങളുടെ ഏറ്റവും വലിയ ആസ്‍തി എന്ന് മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു. ഇന്ത്യയിലെ ഓരോ വീട്ടിലും ഗതാഗതത്തിന്റെ സന്തോഷം എത്തിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം എന്നും തങ്ങളുടെ ഉപഭോക്താക്കൾ, ജീവനക്കാർ, ഡീലർമാർ, വിതരണ പങ്കാളികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണ് ഈ നേട്ടം എന്നും അദ്ദേഹം വ്യക്തമാക്കി. വരും കാലങ്ങളിൽ കമ്പനി പുതിയ സാങ്കേതികവിദ്യ, സുസ്ഥിര മൊബിലിറ്റി , പ്രാദേശിക ഉൽപ്പാദനം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കാർ വിപണിയിൽ മാരുതിയുടെ പങ്ക്

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് ( സിയാം) പ്രകാരം, ഇന്ത്യയിൽ ഇപ്പോഴും 1,000 പേർക്ക് വെറും 33 കാറുകൾ മാത്രം എന്ന രീതിയിലാണ് കാറുകളുടെ വിൽപ്പന. തൽഫലമായി, വളർച്ചയ്ക്ക് വളരെയധികം സാധ്യതയുണ്ട് . മാരുതി സുസുക്കിയുടെ ഈ നാഴികക്കല്ല് കമ്പനിക്ക് മാത്രമല്ല, ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയ്ക്കും ഒരു സുപ്രധാന നേട്ടമാണ്, ഇത് രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയെയും സാമ്പത്തിക ശക്തിയെയും പ്രതിഫലിപ്പിക്കുന്നു .