മാരുതി സുസുക്കി ഇന്ത്യയിലെ 5,500-ാമത് സർവീസ് ടച്ച്‌പോയിന്റ് രാജസ്ഥാനിലെ ഉദയ്പൂരിൽ തുറന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (മാരുതി സുസുക്കി) തങ്ങളുടെ ഡീലർ പങ്കാളികളുടെ പിന്തുണയോടെ ഇന്ത്യയിലെ 5,500-ാമത് സർവീസ് ടച്ച്‌പോയിന്റിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ ആണ് ഈ പുതിയ നാഴിക്കല്ല തികച്ച ടച്ച് പോയിന്‍റ് സ്ഥിതി ചെയ്യുന്നത്.
ഉദയ്‍പൂരിലെ ഈ പുതിയ വർക്ക്‌ഷോപ്പ് കൂടിയായതോടെ മാരുതി സുസുക്കിയുടെ സർവീസ് ശൃംഖലയിലെ സർവീസ് ബേകളുടെ എണ്ണം ഏകദേശം 40,000 ആയി ഉയർന്നു. ഒരു വർഷത്തിൽ മൂന്ന് കോടി ഉപഭോക്തൃ വാഹനങ്ങൾക്ക് സർവീസ് നടത്താനുള്ള ശേഷി ഈ വലിയ ശൃംഖലയ്ക്കുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ, മാരുതി 2.7 കോടിയിൽ അധികം വാഹനങ്ങൾക്ക് സർവീസ് നടത്തി, ഒരു സാമ്പത്തിക വർഷത്തിലെ എക്കാലത്തെയും ഉയർന്ന കണക്കാണിതെന്ന് മാരുതി സുസുക്കി പറയുന്നു.
ഒരു പുതിയ കാർ വാങ്ങുമ്പോൾ മിക്ക ഉപഭോക്താക്കളും അന്വേഷിക്കുന്ന പ്രധാന കാര്യം, താങ്ങാനാവുന്ന വിലയിൽ യഥാർത്ഥവും വിശ്വസനീയവുമായ സേവനം നൽകുകയും അവർക്ക് പൂർണ്ണ മനസ്സമാധാനം നൽകുകയും ചെയ്യുന്ന ഒരു സർവീസ് വർക്ക്‌ഷോപ്പിന്റെ സാമീപ്യവും സൗകര്യവുമാണെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനായി, ഡീലർ പങ്കാളികളുടെ സഹായത്തോടെ 2,764 നഗരങ്ങളിലായി 5,500 സർവീസ് ടച്ച്‌പോയിന്റുകൾ സ്ഥാപിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ തങ്ങൾ 460 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ ചേർത്തുവെന്നും അതായത്, എല്ലാ ദിവസവും ഒന്നിലധികം ടച്ച്‌പോയിന്റുകൾ ചേർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങൾ തുടരാനും ഈ സാമ്പത്തിക വർഷം 500 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ ചേർക്കാനും കമ്പനി പദ്ധതിയിടുന്നുവെന്നും അതിൽ 91 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
