2029-ൽ പുറത്തിറങ്ങാൻ സാധ്യതയുള്ള പുതിയ മാരുതി ബ്രെസ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുമെന്ന് റിപ്പോർട്ടുകൾ. 1.2 ലിറ്റർ, 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ഉപയോഗിക്കാനാണ് സാധ്യത.
2016 ൽ പുറത്തിറങ്ങിയതുമുതൽ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരിക്കുന്ന മോഡലാണ് മാരുതി സുസുക്കി ബ്രെസ. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ഇന്ത്യൻ എസ്‌യുവി ആണിത്. സ്റ്റൈലിംഗ്, ഇന്‍റീരിയർ, മൈലേജ് തുടങ്ങിയവയ്ക്ക് ബ്രെസ എപ്പോഴും ജനപ്രിയമാണ്. സബ്‌കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ കുറഞ്ഞ ചെലവിലുള്ള അറ്റകുറ്റപ്പണികളും ഉയർന്ന റീസെയിൽ വാല്യുവും ഉപഭോക്താക്കൾക്കിടയിൽ ബ്രെസയെ ഒരു പ്രിയപ്പെട്ട തിരഞ്ഞെടുപ്പാക്കി മാറ്റി. നിലവിൽ ബ്രെസയുടെ രണ്ടാം തലമുറ പതിപ്പാണ് വിപണിയിൽ ഉള്ളത്. 2029 ൽ അടുത്ത തലമുറ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സുസുക്കിയുടെ സ്വന്തം ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്ന കമ്പനിയുടെ ബഹുജന വിപണി ഓഫറുകളിൽ ഒന്നായിരിക്കും പുതിയ മാരുതി ബ്രെസ എന്നാണ് റിപ്പോർട്ടുകൾ. 2026 ൽ നിരത്തുകളിൽ എത്താനിരിക്കുന്ന കമ്പനിയുടെ എച്ച്ഇവി പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി കാറായിരിക്കും ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ. തുടർന്ന് 2026 ൽ പുതിയ തലമുറ ബലേനോ ഹാച്ച്ബാക്ക്, 2026 ൽ സ്പേഷ്യ അടിസ്ഥാനമാക്കിയുള്ള സബ്കോംപാക്റ്റ് എംപിവി, 2027 ൽ പുതിയ തലമുറ സ്വിഫ്റ്റ് തുടങ്ങിയ മോഡലുകൾ പുറത്തിറങ്ങും.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കി തങ്ങളുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കാൻ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. പുതിയ ബ്രെസ ഹൈബ്രിഡിന് ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ജോടിയാക്കിയ അതേ പെട്രോൾ മോട്ടോർ നൽകാൻ സാധ്യതയുണ്ട്. ടൊയോട്ടയുടെ ആറ്റ്കിൻസൺ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ വളരെ ചെലവ് കുറഞ്ഞ ഒരു സീരീസ് ഹൈബ്രിഡ് പവർട്രെയിൻ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന മാരുതി ഹൈബ്രിഡ് കാറുകൾക്ക് ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വാഹനത്തിന്‍റെ ഉയർന്ന വകഭേദങ്ങൾക്കായി ഹൈബ്രിഡ് പവർട്രെയിൻ മാറ്റിവയ്ക്കാം. 103 bhp കരുത്തും 137 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 1.5L K15C പെട്രോൾ എഞ്ചിനും വാഗ്‍ദാനം ചെയ്തേക്കാം. പക്ഷേ ഇടത്തരം വകഭേദങ്ങളിൽ മാത്രമായിരിക്കും ഈ എഞ്ചിൻ ലഭിക്കുന്നത്. പുതുതലമുറ മാരുതി ബ്രെസ ഹൈബ്രിഡിന് സമഗ്രമായ കോസ്‌മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വിൽപ്പനയിലുള്ള നിരവധി സബ്‌കോംപാക്റ്റ് എസ്‌യുവികൾ വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, എക്യുഐ ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, പ്രീമിയം സൗണ്ട് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഡ്രൈവ് മോഡുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ടിപിഎംഎസ്, 360-ഡിഗ്രി ക്യാമറ എഡിഎഎസ് തുടങ്ങിയ നൂതന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
