എംജി വിൻഡ്‌സർ ഇലക്ട്രിക് വാഹനം എട്ട് മാസത്തിനുള്ളിൽ 27,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. മെട്രോ നഗരങ്ങൾക്ക് പുറത്തുനിന്നും ശക്തമായ ഡിമാൻഡ് ഉള്ള ഈ വാഹനം ഇന്ത്യൻ ഇവി വിപണിയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എംജി വിൻഡ്‌സർ ഇവി 27,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. വെറും ഒമ്പത് മാസത്തിന് ഉള്ളിലാണ് ഈ നേട്ടം. ലോഞ്ച് ചെയ്തതിനുശേഷം വിൽപ്പനയിൽ മുൻനിരയിലുള്ള എംജി വിൻഡ്‌സർ രാജ്യവ്യാപകമായി വിൽപ്പനയിലെ കുതിപ്പ് തുടരുകയാണ്. 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ ഈ വാഹനത്തിന്റെ 27,000-ത്തിലധികം യൂണിറ്റുകൾ ഇതുവരെ വിറ്റഴിക്കപ്പെട്ടു. നേരത്തെ ഈ വാഹനത്തിന് വെറും 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിംഗുകൾ ലഭിച്ചിരുന്നു.
എംജി വിൻഡ്‌സർ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഇവി വിപണിയെ കൊടുങ്കാറ്റായി കീഴടക്കി. വ്യാപകമായ ഡിമാൻഡ് പിടിച്ചെടുക്കുകയും ഇലക്ട്രിക് വാഹന വ്യവസായത്തിൽ ഒരു ഗെയിം-ചേഞ്ചർ എന്ന നിലയിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മെട്രോ നഗരങ്ങൾക്ക് പുറമേ, വളർന്നുവരുന്ന വിപണികളിൽ നിന്നും ഈ സിയുവിക്ക് ശക്തമായ ഡിമാൻഡ് ഉണ്ട്. എംജി വിൻഡ്‌സർ ഇവി വിൽപ്പനയുടെ ഏകദേശം 48% മെട്രോ നഗരങ്ങൾക്ക് പുറത്തുനിന്നാണെന്ന് എംജി മോട്ടോർ പറഞ്ഞു .
9.99L രൂപ + 3.9/കിമി എന്ന പ്രാരംഭ ബാറ്ററി ആസ് എ സർവ്വീസ് പ്രോഗ്രാം (BaaS) വിലയിൽ വാഗ്ദാനം ചെയ്യുന്ന ഈ സിയുവി, ഒരു സെഡാന്റെ സുഖവും ഒരു എസ്‍യുവിയുടെ വൈവിധ്യവും സംയോജിപ്പിക്കുന്നു. എംജി വിൻഡ്‌സർ 136 Hp പവറും 200 Nm ടോർക്കും നൽകുന്നു. പരമ്പരാഗത സെഗ്‌മെന്റേഷൻ ആശയത്തെ മറികടക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് എയറോഗ്ലൈഡ് ഡിസൈൻ എംജി വിൻഡ്‌സറിൽ ഉണ്ട്. അകത്ത്, 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എയറോ ലോഞ്ച് സീറ്റുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ക്ലാസ് കംഫർട്ടും കാറിന്റെ ഉള്ളിൽ വാഗ്ദാനം ചെയ്യുന്നു. ഇത് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നു. കൂടാതെ, സെന്റർ കൺസോളിലെ വലിയ 15.6 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു.
എംജി വിൻഡ്‌സർ ഇവിക്ക് ഇതുവരെ 30ൽ അധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഐകോട്ടി ( ഇന്ത്യൻ കാർ ഓഫ് ദി ഇയർ) നൽകുന്ന 2025 ലെ ഗ്രീൻ കാർ അവാർഡാണ് . ഇതിനർത്ഥം വിൽപ്പനയുടെ കാര്യത്തിൽ മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും എംജി വിൻഡ്‌സർ ഇവി ആളുകളുടെ മുഖ്യ തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു എന്നാണ്.
