ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയ ഹ്യുണ്ടായി വെന്യു ഇതുവരെ 6,68,000 യൂണിറ്റുകൾ വിറ്റഴിച്ചു. സ്റ്റൈലിഷ് ഡിസൈൻ, മികച്ച പ്രകടനം, ആധുനിക സാങ്കേതികവിദ്യ എന്നിവയാണ് വെന്യുവിന്റെ പ്രത്യേകതകൾ. പുതിയ തലമുറ വെന്യു 2025 ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
2019 മെയ് 21 ന് പുറത്തിറങ്ങിയ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവി വെന്യു ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കി. ലോഞ്ച് ചെയ്തതുമുതൽ 2025 ഏപ്രിൽ വരെ 6,68,000-ത്തിൽ അധികം ആളുകൾ ഹ്യുണ്ടായി വെന്യു വാങ്ങി. പുറത്തിറങ്ങി വെറും ആറ് മാസത്തിനുള്ളിൽ വെന്യു അതിന്റെ ആദ്യത്തെ 50,000 വിൽപ്പന മറികടന്നു. 15 മാസത്തിനുള്ളിൽ 100,000 യൂണിറ്റും 25 മാസത്തിനുള്ളിൽ 200,000 യൂണിറ്റുകളും 30 മാസത്തിനുള്ളിൽ 250,000 യൂണിറ്റുകൾ എന്നിങ്ങനെയാണ് വിൽപ്പന കണക്കുകൾ.
ഒരു കോംപാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു. അത് സ്റ്റൈൽ, പ്രകടനം, ആധുനിക സാങ്കേതികവിദ്യ എന്നിവയുടെ മികച്ച സംയോജനമാണ്. ഇന്ത്യൻ വിപണിയിലെ യുവാക്കൾക്കും നഗര ഉപഭോക്താക്കൾക്കും ഇടയിൽ ഇത് വളരെ ജനപ്രിയമാണ്. ഹ്യുണ്ടായി വെന്യുവിന്റെ പുറംഭാഗം സ്റ്റൈലിഷും ബോൾഡുമാണ്. ക്രോം ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലൈറ്റുകൾ), സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയ ഘടകങ്ങൾ ഇതിന് പ്രീമിയം ലുക്ക് നൽകുന്നു. ഇതിന്റെ ഒതുക്കമുള്ള വലിപ്പം നഗര ഗതാഗതത്തിൽ വാഹനം ഓടിക്കുന്നത് എളുപ്പമാക്കുന്നു.
പെട്രോൾ, ഡീസൽ ഇന്ധന ഓപ്ഷനുകളിൽ വെന്യു ലഭ്യമാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളുടെ ഓപ്ഷൻ ഇതിനുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനും പ്രകടനത്തിനും അനുസരിച്ച് വേരിയന്റ് തിരഞ്ഞെടുക്കാം. ഇതിന് മാനുവൽ, ഐഎംടി, ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്.
വെന്യുവിന്റെ ഇന്റീരിയർ ഒരു പ്രീമിയം അനുഭവം നൽകുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്. സീറ്റുകൾ സുഖകരമാണ്, ക്യാബിനിൽ മികച്ച സ്ഥലവും ഉണ്ട്. ഡാഷ്‌ബോർഡിന്റെ രൂപകൽപ്പന വൃത്തിയുള്ളതും ആധുനികവുമാണ്. സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, ക്രോം ഇൻസേർട്ടുകൾ, ഡ്യുവൽ-ടോൺ കളർ തീം എന്നിവ ഇന്റീരിയറിന് പ്രീമിയം അനുഭവം നൽകുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഹ്യുണ്ടായി വെന്യുവിൽ സജ്ജീകരിച്ചിരിക്കുന്നു. ഹ്യുണ്ടായി വെന്യുവിന്റെ ബേസ് മോഡലായ വെന്യു ഇ യുടെ എക്സ്-ഷോറൂം വില 7.94 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ടോപ്പ് എൻഡ് മോഡലായ വെന്യു എസ്എക്സ് ഓപ്റ്റ് ടർബോ അഡ്വഞ്ചർ ഡിസിടി ഡിടിയുടെ വില 13.62 ലക്ഷം രൂപയാണ്.
അതേസമയം രണ്ടാം തലമുറ ഹ്യുണ്ടായി വെന്യു2025 ഒക്ടോബറിൽ ഉത്സവ സീസണിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിലെ തലേഗാവിലുള്ള കമ്പനിയുടെ പുതിയ 170,000 യൂണിറ്റ് വാർഷിക പ്ലാന്റിൽ നിർമ്മിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡൽ ആയിരിക്കും ഇത്. കൂടുതൽ ബോക്‌സിയറും നിവർന്നുനിൽക്കുന്നതുമായ പുതിയ തലമുറ വെന്യു നിലവിലുള്ള മോഡലിനേക്കാൾ അല്പം വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും കോംപാക്റ്റ് കാർ/എസ്‌യുവി വിഭാഗത്തിന് എക്‌സൈസ് തീരുവ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നാല് മീറ്ററിൽ താഴെ നീളം നിലനിർത്തും. പെട്രോളിലും ഡീസലിലും മൾട്ടിപ്പിൾ പവർട്രെയിൻ തന്ത്രം തുടരും, കൂടാതെ ഒരു വെന്യു ഇവിയും പുതിയ ഉൽപ്പന്നനിരയിൽ ഉണ്ടാകും.
കോാംപാക്റ്റ് എസ്‌യുവി വിപണിയിലെ കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ, കിയ സിറോസ്, മഹീന്ദ്ര XUV3XO, ടാറ്റ നെക്‌സോൺ തുടങ്ങിയ എതിരാളികളോട് തുല്യമായ സവിശേഷതകളും നീണ്ട സവിശേഷതകളും രണ്ടാം തലമുറ വെന്യുവിൽ ഹ്യുണ്ടായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ആറ് എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഒരു ADAS സ്യൂട്ട് തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ പുതിയ വെന്യുവിൽ ഉണ്ടാകും എന്നാണ് റിപ്പോട്ടുകൾ.



