പുതുതലമുറ ഹ്യുണ്ടായി വെന്യു 2025-ൽ പുതിയ ഡിസൈനുമായി എത്താൻ ഒരുങ്ങുന്നു. പുറത്തുവന്ന സ്പൈ ചിത്രങ്ങൾ പാലിസേഡ്-പ്രചോദിത ഗ്രിൽ, എഡിഎഎസ്, ഡ്യുവൽ സ്‌ക്രീൻ ഇന്റീരിയർ തുടങ്ങിയ മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. 

പുതുതലമുറ ഹ്യുണ്ടായി വെന്യു 2025 നവംബർ നാലിന് ഇന്ത്യൻ റോഡുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി രാജ്യത്തുടനീളം ഈ കോംപാക്റ്റ് എസ്‌യുവി വ്യാപകമായി പരീക്ഷിച്ചുവരികയാണ്. ഇപ്പോഴിതാ വാഹനത്തിന്‍റെ ഒരു പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന സ്പൈ ഇമേജ് പുറത്തുവന്നിരിക്കുന്നു. ഇത് പുതിയ വെന്യുവിന്‍റെ ഡിസൈൻ വിശദാംശങ്ങളെക്കുറിച്ചുള്ള ഒരു ധാരണ നൽകുന്നു.

സ്പൈ ഇമേജ് എന്താണ് വെളിപ്പെടുത്തിയത്?

കറുപ്പ് നിറത്തിൽ ചായം പൂശിയ പുതിയ വെന്യുവിൽ പൂർണ്ണമായും പുതുക്കിയ മുൻവശം കാണാം. മധ്യഭാഗത്ത് സിഗ്നേച്ചർ ലോഗോയുള്ള ഹ്യുണ്ടായി പാലിസേഡ്-പ്രചോദിത ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, കുത്തനെയുള്ള ബോണറ്റ്, ട്വീക്ക് ചെയ്ത ബമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് സംയോജിപ്പിച്ചിരിക്കുന്ന ഒരു എഡിഎഎസ് മൊഡ്യൂളും ദൃശ്യമാണ്. മുൻ സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 2025 ഹ്യുണ്ടായി വെന്യുവിൽ പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകൾ, ഷാർപ്പായിട്ടുള്ള വിംഗ് മിററുകൾ, വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിംഗ്, പുതുക്കിയ ഗ്ലാസ് ഹൗസ്, പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഉണ്ടാകും എന്നാണ്.

ഇന്‍റീരിയർ

ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റ് പ്രവർത്തനങ്ങൾക്കായി ഇന്റഗ്രേറ്റഡ് കർവ്ഡ് ഡ്യുവൽ സ്‌ക്രീനുകൾ, പുതിയ എസി വെന്റുകൾ, പുതുക്കിയ സെന്റർ കൺസോൾ എന്നിവയുള്ള പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, പുതിയ വെന്യുവിന്റെ ഇന്റീരിയർ അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ട്. ഫീച്ചർ ഫ്രണ്ടിൽ, എസ്‌യുവിക്ക് ലെവൽ-2 ADAS (ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എഞ്ചിനുകൾ

മെക്കാനിക്കലായി, 2025 ഹ്യുണ്ടായി വെന്യു മാറ്റമില്ലാതെ തുടരും. സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരും. ട്രാൻസ്‍മിഷൻ ഓപ്‍ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും.

എതിരാളികൾ

പുറത്തിറങ്ങിക്കഴിഞ്ഞാൽ, പുതിയ ഹ്യുണ്ടായി വെന്യു 2025 കിയ സോണെറ്റ്, ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, സ്കോഡ കൈലാഖ്, മഹീന്ദ്ര XUV 3XO എന്നിവയുമായി മത്സരിക്കും. സാങ്കേതിക പരിഷ്‌കാരങ്ങളും പരിഷ്‌കരിച്ച സ്റ്റൈലിംഗും കാരമം അടുത്ത തലമുറ മോഡലിന് നേരിയ വില വർദ്ധനവ് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറ വെന്യു 7.26 ലക്ഷം രൂപ മുതൽ 12.46 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്.