പുതിയ കിയ സെൽറ്റോസ് 2026-ൽ ഇന്ത്യൻ റോഡുകളിൽ എത്താൻ സാധ്യതയുണ്ട്. വൈദ്യുത, ഹൈബ്രിഡ് പതിപ്പുകൾ ഉൾപ്പെടെ പുതിയ പവർട്രെയിൻ ഓപ്ഷനുകളും നൂതന സവിശേഷതകളും ഇതിൽ പ്രതീക്ഷിക്കാം.

പുതിയ സെൽറ്റോസ് നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2026 ൽ ഇന്ത്യൻ റോഡുകളിൽ എത്താൻ സാധ്യതയുണ്ട്. അടുത്തിടെ, 2026 കിയ സെൽറ്റോസിന്റെ രണ്ട് ടെസ്റ്റ് പതിപ്പുകൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ രണ്ട് പ്രോട്ടോടൈപ്പുകളിലും വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയകൾ, ബമ്പറുകൾ, അലോയ് വീലുകൾ, ഫ്രണ്ട് ചാർജിംഗ് പോർട്ട് എന്നിവയുണ്ട് എന്നതായിരുന്നു ശ്രദ്ധേയം. കിയ സെൽറ്റോസ് ഇവി നിർമ്മാണത്തിലാണെന്ന ഊഹാപോഹങ്ങൾക്ക് ഈ സമീപകാല പരീക്ഷ ദൃശ്യങ്ങൾ ആക്കം കൂട്ടി.

അതിന്റെ പവർട്രെയിനിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങൾ ഇല്ല. ക്രെറ്റ ഇവിയുടെ അതേ ബാറ്ററിയും മോട്ടോറും ഇലക്ട്രിക് സെൽറ്റോസിൽ ഉപയോഗിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പരമാവധി 169bhp പവർ ഉത്പാദിപ്പിക്കുന്ന ഒരൊറ്റ FWD ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 42kWh അല്ലെങ്കിൽ 51.4kWh ബാറ്ററി പാക്കുമായി ഇത് ജോടിയാക്കാം. ഒറ്റ ചാർജിൽ 450 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. എസ്‌യുവിയുടെ ലോംഗ്-റേഞ്ച് പതിപ്പ് പരമാവധി 171bhp പവറും 255Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 20 ലക്ഷം രൂപയായിരിക്കും.

2026 കിയ സെൽറ്റോസിന് ഒരു ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 2026 കിയ സെൽറ്റോസ് ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ആയിരിക്കും. കിയയുടെ ആഗോളതലത്തിൽ പ്രശസ്തമായ 1.6 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറ സെൽറ്റോസിന് കരുത്ത് പകരുന്ന 1.5 ലിറ്റർ എംപിഐ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പുതിയ മോഡലിലും ഉൾപ്പെടുത്തും.

പുതിയ സെൽറ്റോസിൽ ഡ്യുവൽ-ടോൺ സിൽവർ, ഗ്രേ അപ്ഹോൾസ്റ്ററി എന്നിവ വ്യത്യസ്ത ഓറഞ്ച് നിറങ്ങളിലുള്ള ഇൻസേർട്ടുകളോടുകൂടി ഉണ്ടാകുമെന്നാണ് സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നത്. 30 ഇഞ്ച് ട്രിനിറ്റി ഡിസ്പ്ലേ, വെന്റിലേറ്റഡ് റിയർ സീറ്റുകൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ സിറോസുമായി ഇത് പങ്കുവെച്ചേക്കാം. നിലവിലുള്ള ഫീച്ചർ കിറ്റ് മാറ്റമില്ലാതെ തുടരും. മിക്ക കോസ്മെറ്റിക് മാറ്റങ്ങളും മുൻവശത്തായിരിക്കും വരുത്തുക. 2026 കിയ സെൽറ്റോസിൽ പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്ത ബമ്പറുകൾ, പുതിയ ഫോഗ്‌ലാമ്പുകൾ എന്നിവ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. EV5 പോലെ, ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു പുതിയ എൽഇഡി ലൈറ്റിംഗ് സ്ട്രിപ്പ് പിന്നിൽ ഉണ്ടായിരിക്കും.