മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. കനത്ത കാമഫ്ലേജുള്ള പ്രൊഡക്ഷൻ-റെഡി പതിപ്പ് പരീക്ഷണത്തിനായി റോഡുകളിൽ എത്തി. ഫ്യൂച്ചറിസ്റ്റിക് രൂപകൽപ്പന ചെയ്ത ഈ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര ഉടൻ പുറത്തിറക്കിയേക്കും.
മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. അതിൽ ബോൺ-ഇലക്ട്രിക്, ഐസിഇ ഇവി മോഡലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. മഹീന്ദ്ര ബിഇ റാൾ-ഇ ടെസ്റ്റ് മോഡലിന്റെ ഏറ്റവും പുതിയ പരീക്ഷണയോട്ട ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. 2023 ൽ ഒരു പരുക്കൻ, ഓഫ്-റോഡ്-റെഡി കൺസെപ്റ്റ് എന്ന നിലയിലാണ് ഈ മോഡൽ ആദ്യമായി പ്രദർശിപ്പിച്ചത്. ഇപ്പോൾ മറച്ച നിലയിലുള്ള അതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് പരീക്ഷണത്തിനായി റോഡുകളിൽ എത്തി. ഫ്യൂച്ചറിസ്റ്റിക് രൂപകൽപ്പന ചെയ്ത ഈ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര ഉടൻ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വർഷം മുമ്പ് അനാച്ഛാദനം ചെയ്ത കൺസെപ്റ്റിന് സമാനമായി തന്നെയാണ് ഈ മോഡലിന്റെ മൊത്തത്തിലുള്ള സിൽഹൗട്ട് കാണപ്പെടുന്നത്. കാമഫ്ലേജ് അതിന്‍റെ ഡിസൈൻ വിശദാംശങ്ങളിൽ ഭൂരിഭാഗവും മറച്ചിരുന്നെങ്കിലും ബോണറ്റിലെ എയർ സ്‍കൂപ്പ്, ഒരു കറുത്ത റൂഫ് റാക്ക് തുടങ്ങിയ ചില ഘടകങ്ങൾ വേറിട്ടുനിൽക്കുന്നു. പ്രൊജക്ടർ എൽഇഡി ഘടകങ്ങളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ഉള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുന്നു. എങ്കിലും, കാമഫ്ലേജ്‍ഡ് മോഡലിൽ ഫോഗ് ലാമ്പുകൾ കാണുന്നില്ല.
മഹീന്ദ്ര ബിഇ റാൾ-ഇ യുടെ ഇന്റീരിയർ ചിത്രങ്ങൾ ഇതുവരെ ലഭ്യമല്ല. എങ്കിലും BE 6 ൽ നിന്ന് കടമെടുത്ത രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീലുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പല സവിശേഷതകളും BE6, XEV 9ഇ എന്നിവയിൽ നിന്ന് പകർത്തിയേക്കാം . ഉത്പാദനത്തിന് തയ്യാറായ മഹീന്ദ്ര ബിഇ റാൽ-ഇ ഓഫ്-റോഡ് ഇലക്ട്രിക് എസ്‌യുവി, 59kWh, 79kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭ്യമായ മഹീന്ദ്ര ബിഇ 6-മായി അതിന്റെ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്. രണ്ടും ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് പരമാവധി 231PS പവറും 380Nm ടോർക്കും നൽകുന്നു. 535 കിമി ആണ് അവകാശപ്പെടുന്ന എംഐഡിസി റേഞ്ച്. വലിയ ബാറ്ററി 286 പിഎസ് കരുത്തും 380 എൻഎം ടോർക്കും സൃഷ്‍ടിക്കും. കൂടാതെ 682km റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര ബിഇ റാൽ-ഇയുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഈ ഓഫ്-റോഡ് ഇലക്ട്രിക് എസ്‌യുവി 2025 അവസാനത്തോടെ റോഡുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിലയുടെ കാര്യത്തിൽ, നിലവിൽ 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള മഹീന്ദ്ര ബിഇ6 നേക്കാൾ അൽപ്പം ചെലവേറിയ ഓഫറായിരിക്കാം ഇത്.



