2025-2026 സാമ്പത്തിക വർഷത്തേക്ക് 2.55 ദശലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാനും 50% വിപണി വിഹിതം തിരിച്ചുപിടിക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നു. പുതിയ 5 സീറ്റർ എസ്‌യുവി Y17 എന്ന കോഡ് നാമത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇത് ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലുള്ള വിടവ് നികത്തും.

വിപണിയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി, 2025-2026 സാമ്പത്തിക വർഷത്തേക്ക് മാരുതി സുസുക്കി ഒരു വലിയ പദ്ധതി വെളിപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിൽപ്പന, കയറ്റുമതി, മറ്റ് കമ്പനികളിലേക്കുള്ള വിതരണം എന്നിവ ഉൾപ്പെടെ 2.55 ദശലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന നാഴികക്കല്ല് കൈവരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മുൻ വർഷത്തേക്കാൾ ഏകദേശം 10 ശതമാനമാണ് വർധന. കൂടാതെ, ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ), ഹൈബ്രിഡ്, സിഎൻജി, ബിഇവി (ബാറ്ററി ഇലക്ട്രിക് വാഹനം), ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്ന ഒന്നിൽ അധികം പവർട്രെയിൻ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

മാരുതി സുസുക്കി പുതിയ 5 സീറ്റർ എസ്‌യുവി Y17 എന്ന കോഡ് നാമത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലുള്ള വിടവ് നികത്തും. ഈ എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയാണ് വിൽക്കുന്നത്. 'എസ്‌കുഡോ' നെയിംപ്ലേറ്റിന്റെ സമീപകാല ട്രേഡ്‌മാർക്കിംഗ് സൂചിപ്പിക്കുന്നത് ഈ പുതിയ മാരുതി എസ്‌യുവിക്ക് ഈ പേര് ഉപയോഗിക്കാനാണ് സാധ്യത എന്നാണ്. 2025 അവസാനത്തോടെ എസ്‌യുവി ഷോറൂമുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.

ഗ്രാൻഡ് വിറ്റാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മാരുതി എസ്‌യുവി അൽപ്പം നീളമുള്ളതായിരിക്കും. ഹൈബ്രിഡ്, സി‌എൻ‌ജി ഇന്ധന ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. മൾട്ടിപ്പിൾ പവർട്രെയിൻ സമീപനം കമ്പനിയെ കൂടുതൽ ഉപഭോക്തൃ അടിത്തറയെ ആകർഷിക്കാൻ സഹായിക്കും. നിർദ്ദിഷ്‍ട മെക്കാനിക്കൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഗ്രാൻഡ് വിറ്റാരയുടെ 1.5 ലിറ്റർ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിനിനൊപ്പം എസ്‌യുവി വാഗ്‍ദാനം ചെയ്യാം. മാരുതി സുസുക്കി അതിന്റെ ബഹുജന വിപണികൾക്കായി ഒരു ഇൻ-ഹൗസ് സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിക്കുന്നുണ്ട്. 2026 ൽ മാരുതി ഫ്രോങ്ക്സിൽ ഇത് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

മാരുതി സുസുക്കിയുടെ ഹരിയാനയിലെ പുതിയ ഖാർഖോഡ നിർമ്മാണ കേന്ദ്രം പുതിയ മാരുതി അഞ്ച് സീറ്റർ എസ്‌യുവിയുടെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കും. 2026 സാമ്പത്തിക വർഷത്തിൽ ഈ പുതിയ എസ്‌യുവിയുടെ രണ്ടുലക്ഷം വിൽപ്പന കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിൽ ഒരുലക്ഷം വിൽപ്പനയും ബാക്കി ഒരുലക്ഷം കയറ്റുമതി വഴിയും കമ്പനി വിതരണ ചാനലുകൾ വഴിയും വിൽക്കും എന്നാണ് റിപ്പോർട്ടുകൾ.

വിലയെ സംബന്ധിച്ചിടത്തോളം, പുതിയ മാരുതി എസ്‌യുവി നിലവിൽ 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമായ ഗ്രാൻഡ് വിറ്റാരയെ മറികടക്കാൻ സാധ്യതയുണ്ട്. ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഇതിൽ ഉൾപ്പെടുത്തുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, പുതിയ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 11 ലക്ഷം രൂപയും ഉയർന്ന വേരിയന്റിന് 20 ലക്ഷം രൂപയും വില വരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

YouTube video player