മാരുതി സുസുക്കി സെപ്റ്റംബർ 3 ന് പുതിയ എസ്‌യുവി വിക്ടോറിസ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഗ്രാൻഡ് വിറ്റാരയ്ക്കും ബ്രെസ്സയ്ക്കും ഇടയിലായിരിക്കും വിക്ടോറിസിന്റെ സ്ഥാനം. 

സെപ്റ്റംബർ 3 ന് അതായത് നാളെ മാരുതി സുസുക്കിയുടെ വാഹന നിരയിലേക്ക് ഒരു പുതിയ മോഡൽ കൂടി എത്തും. അതായത്, അതിന്റെ ലോഞ്ചിനുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു. ഇനി അതിന്റെ പ്രവേശനത്തിന് മണിക്കൂറുഖൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കമ്പനി പുതിയ എസ്‌യുവിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ അതിന്റെ പേര് ഓൺലൈനിൽ ചോർന്നു. Y17 എന്ന കോഡ് നാമത്തിലാണ് ഇത് ഇതുവരെ അറിയപ്പെട്ടിരുന്നത്. മാരുതി എസ്‍ക്യുഡോ എന്ന് പേരിടുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ എസ്‌യുവിയുടെ പേര് വിക്ടോറിസ് എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മാരുതി സുസുക്കിയുടെ സ്വന്തം ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് ഈ വിവരം വന്നിരിക്കുന്നത്.

മാരുതി അരീന ഡീലർഷിപ്പുകളിൽ നിന്നാണ് ഈ പുതിയ എസ്‌യുവി വിൽക്കുന്നത്. കമ്പനിയുടെ എസ്‌യുവി നിരയിൽ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും വിക്ടോറിസിന്റെ സ്ഥാനം. ഗ്രാൻഡ് വിറ്റാരയിലും ഉപയോഗിക്കുന്ന സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡൽ. ഈ പ്ലാറ്റ്‌ഫോം പങ്കിടൽ സമീപനം ഉൽപ്പാദനച്ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗ്രാൻഡ് വിറ്റാരയിലും ടൊയോട്ട ഹൈറൈഡറിലും ഇതിനകം ഉള്ള നിരവധി സവിശേഷതകൾ നിലനിർത്താൻ വിക്ടോറിസ് അനുവദിക്കും.

ഗ്രാൻഡ് വിറ്റാരയേക്കാൾ അല്പം നീളമുള്ള വിക്ടോറിസിന് 4,345 മില്ലീമീറ്റർ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹ്യുണ്ടായി ക്രെറ്റ (4,330 മില്ലീമീറ്റർ), കിയ സെൽറ്റോസ് (4,365 മില്ലീമീറ്റർ) തുടങ്ങിയ എതിരാളികളുമായി നേരിട്ടുള്ള മത്സരത്തിൽ ഏർപ്പെടാൻ സഹായിക്കും. വരാനിരിക്കുന്ന 2026 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്, സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ എതിരാളികളുമായി, വിക്ടോറിസിന് സ്ഥലസൗകര്യം, സവിശേഷതകൾ, വില എന്നിവയിൽ വേറിട്ടുനിൽക്കാൻ സാധിക്കും. നീളമുള്ള ബോഡി അധിക ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കുടുംബ ഉപഭോക്താക്കൾക്ക് പ്രധാനമാണ്.

മാരുതി വിക്ടോറിസ് ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയുമായി എഞ്ചിനുകൾ പങ്കിടും. ഇതിൽ 103 PS ഉം 139 Nm ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. ഇത് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിക്കും. ഓപ്ഷണലായി സുസുക്കി ആൾഗ്രിപ്പ് എഡബ്ല്യുഡി ലഭിക്കുന്നു. ഇ-സിവിടി ഗിയർബോക്സുമായി ജോടിയാക്കിയ 115.5 പിഎസ് സംയോജിത ഔട്ട്പുട്ടുള്ള 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനും ലഭ്യമാകും. അതിന്റെ ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, വിക്ടോറിസ് ഒരു സിഎൻജി വേരിയന്റുമായി വരും. സിഎൻജി മോഡിൽ 88 PS ആയിരിക്കും പവർ ഔട്ട്പുട്ട്.