ഇന്തോനേഷ്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ഹ്യുണ്ടായി സ്റ്റാർഗേസർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവന്നു. പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ സൂചനകളും പുതിയ സവിശേഷതകളും ഇതിൽ പ്രതീക്ഷിക്കാം.

മൂന്ന് വർഷം മുമ്പാണ് ഹ്യുണ്ടായി സ്റ്റാർഗേസർ ആദ്യമായി അവതരിപ്പിച്ചത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന എംപിവി വിപണിയായ ഇന്തോനേഷ്യയിൽ ആയിരുന്നു ഈ വാഹനത്തിന്‍റെ അവതരണം. എസ്‌യുവി പോലുള്ള ലുക്ക്, ഫീച്ചർ നിറഞ്ഞ ഇന്റീരിയർ, ശക്തമായ പവർട്രെയിൻ തുടങ്ങിയ കാരണങ്ങളാൽ ഈ വാഹനം എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2022 ൽ എത്തിയതിനുശേഷം സ്റ്റാർഗേസറിന് 2023 ൽ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിച്ചു. തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ചെറിയ ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിച്ചു. ഇപ്പോൾ എംപിവി മറ്റൊരു അപ്‌ഡേറ്റിന് തയ്യാറാണ്. ആഗോളതലത്തിൽ അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ സ്റ്റാർഗേസറിന്‍റെ ആദ്യ ടീസർ ചിത്രങ്ങൾ പുറത്തുവന്നു.

ജൂലൈ 24 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കാനിരിക്കുന്ന 2025 ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ അപ്‌ഡേറ്റ് ചെയ്‌ത ഹ്യുണ്ടായി സ്റ്റാർഗേസർ അരങ്ങേറ്റം കുറിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ . ഹ്യുണ്ടായി പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എൽഇഡി ഡിആർഎൽ സിഗ്നേച്ചർ, ചതുരാകൃതിയിലുള്ള മെഷ് ട്രീറ്റ്‌മെന്റുള്ള കൂടുതൽ നേരായ ഗ്രിൽ തുടങ്ങിയ ഡിസൈൻ സൂചനകൾ ഉൾക്കൊള്ളുന്ന, 7 സീറ്റർ കാറിന്റെ പരിഷ്‌ക്കരിച്ച മുൻഭാഗം ടീസർ കാണിക്കുന്നു. തിരശ്ചീനമായ ക്രീസുകളോടെ ബോണറ്റ് കൂടുതൽ വ്യക്തമായി കാണപ്പെടുന്നു. പിൻഭാഗത്ത് ഇതിന് 'എച്ച്' പാറ്റേൺ എൽഇഡി സിഗ്നേച്ചർ എലമെന്‍റ് ലഭിക്കുന്നു.

പുതുക്കിയ സ്റ്റാർഗേസറിന്‍റെ ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 7 സീറ്റർ എംപിവിയിൽ ക്രെറ്റ, ട്യൂസൺ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ചില പുതിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയേക്കാം. നിലവിലെ മോഡൽ ഇതിനകം തന്നെ മികച്ച സജ്ജീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മെക്കാനിക്കലായി, 2025 ഹ്യുണ്ടായി സ്റ്റാർഗേസർ ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലുള്ള 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടർന്നും ഉണ്ടാകും. ഇത് 6,300 ആർപിഎമ്മിൽ പരമാവധി 115 bhp പവറും 4,500 ആർപിഎമ്മിൽ 144 Nm ടോർക്കും പുറപ്പെടുവിക്കും. ഒരു സിവിടി ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ വഹിക്കുന്നത്. ഈ എംപിവി ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് വരുന്നത്.