പുതിയ റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതിയ എൽഇഡി ഘടകങ്ങൾ, പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ ഇതിലുണ്ട്. എന്നിരുന്നാലും, മെക്കാനിക്കൽ വശങ്ങളിൽ മാറ്റമൊന്നുമില്ല.
2025 റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. 7 സീറ്റർ എംപിവിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡൽ കുറച്ചുകാലമായി പരീക്ഷണത്തിലായിരുന്നു. ഒന്നിലധികം സ്പൈ ചിത്രങ്ങളും വീഡിയോകളും അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, റെനോയുടെ പുതിയ ലോഗോ ഉൾക്കൊള്ളുന്ന പുതുതായി രൂപകൽപ്പന ചെയ്ത ഓൾ-ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ കാണിക്കുന്ന ഒരു ടീസർ വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു.
ഇന്റഗ്രേറ്റഡ് പാർക്കിംഗ് സെൻസറുകളുള്ള പുനർരൂപകൽപ്പന ചെയ്ത പിൻ ബമ്പറും ടെയിൽലാമ്പുകൾക്കായി പുതിയ എൽഇഡി ഘടകങ്ങളും ലൈറ്റുകൾക്കിടയിൽ കറുത്ത നിറമുള്ള പുതുക്കിയ പിൻ പ്രൊഫൈലും ടീസർ വെളിപ്പെടുത്തുന്നു. പുതിയ റെനോ ട്രൈബറിൽ ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പർ, പുതിയ ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയും ലഭിച്ചേക്കാം.
പുതിയ ട്രൈബറിന്റെ ഇന്റീരിയർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 7 സീറ്റർ ഫാമിലി കാറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ക്യാബിൻ തീം എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. റെനോ അതിൽ 360-ഡിഗ്രി ക്യാമറ സജ്ജീകരിച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
വാഹനത്തിന്‍റെ മെക്കാനിക്കൽ വശങ്ങളിൽ പുതിയ റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റമില്ലാതെ തുടരാനാണ് സാധ്യത. അതായത്, എംപിവിയിൽ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടരും. ഈ എഞ്ചിൻ പരമാവധി 72 ബിഎച്ച്പി പവറും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി എന്നിങ്ങനെ മാറ്റമില്ലാതെ തുടരും.
പുതിയ റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകൾ നിലവിലുള്ള മോഡലിന് സമാനമായിരിക്കും. ഇത് 6.15 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്. പുതുക്കിയ മോഡലിന് ചെറിയ വിലവർദ്ധനവ് പ്രതീക്ഷിക്കുന്നു. എങ്കിലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ ഫാമിലി കാറായി ട്രൈബർ തുടരും.
അതേസമയം റെനോ ഇന്ത്യ ഉടൻ തന്നെ കിഗർ ഫെയ്‌സ്‌ലിഫ്റ്റും പുറത്തിറക്കും. ഇത് നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ 2026 ൽ മൂന്നാം തലമുറ റെനോ ഡസ്റ്ററും അതിന്‍റെ 7 സീറ്റർ പതിപ്പായ റെനോ ബോറിയലും പുറത്തിറക്കാൻ ഒരുങ്ങുകയാണ് . മെച്ചപ്പെട്ട ഡിസൈൻ, കൂടുതൽ ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ, ഹൈബ്രിഡ് പവർട്രെയിൻ എന്നിവയുമായി പുതിയ ഡസ്റ്റർ ഗംഭീര തിരിച്ചുവരവ് നടത്തും. 7 സീറ്റർ റെനോ ഡസ്റ്റർ അതിന്റെ പവർട്രെയിനുകൾ, പ്ലാറ്റ്‌ഫോം, സവിശേഷതകൾ, ഡിസൈൻ ഭാഷ എന്നിവ അതിന്റെ 5 സീറ്റർ പതിപ്പുമായി പങ്കിടും.
