Asianet News MalayalamAsianet News Malayalam

സഫാരിയില്‍ സെറാമിക് കോട്ടിംഗ് ഇന്‍ ഹൗസ് സര്‍വീസ് അവതരിപ്പിച്ച് ടാറ്റ

ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് വിപണിയിലാദ്യമായി അവതരിപ്പിക്കുന്ന സെറാമിക് കോട്ടിംഗ് സര്‍വീസ് ഓഫറോടു കൂടിയ പുതിയ സഫാരി പുറത്തിറക്കുന്നു

Tata Motors introduces in house ceramic coating facility with the Safari SUV
Author
India, First Published Apr 3, 2021, 4:41 PM IST

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് വിപണിയിലാദ്യമായി അവതരിപ്പിക്കുന്ന സെറാമിക് കോട്ടിംഗ് സര്‍വീസ് ഓഫറോടു കൂടിയ പുതിയ സഫാരി പുറത്തിറക്കുന്നു. ടാറ്റ കാറുകളുടെ ദൃശ്യഭംഗിക്ക് പുതുജീവന്‍ നല്‍കുന്ന അത്യാധുനിക ഹൈഡ്രോഫിലിക് ഫോര്‍മുലേഷന്‍ സാങ്കേതികവിദ്യയാണിത്. ജിഎസ്‍ടി അടക്കം 28500 രൂപയ്ക്ക് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലഭ്യമാകുന്ന ഈ സേവനം ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ലഭിക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യോമഗതാഗത മേഖലയിലും ഹൈപ്പര്‍ കാര്‍ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്ന സെറാമിക് കോട്ടിംഗ് പെയ്ന്റ് വര്‍ക്കിനൊപ്പം ഇണങ്ങിച്ചേര്‍ന്ന് വാഹനത്തിന്റെ ദൃശ്യഭംഗിക്ക് പുതുചൈതന്യം നല്‍കിക്കൊണ്ട് കരുത്തുറ്റ ഫിനിഷ് നല്‍കുന്നു. നിലവിലെ പരമ്പരാഗത ട്രീറ്റ്‌മെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കോട്ടിംഗ് ദീര്‍ഘനാള്‍ ഈട് നില്‍ക്കുകയും മാലിന്യങ്ങളും അഴുക്കുകളും ഊര്‍ന്നു പോകുന്നതിന് സഹായിക്കുകയും ചെയ്യുന്നതോടൊപ്പം ട്രാഫിക് മലിനീകരണം, ആസിഡ് മഴ, സോള്‍വെന്റുകള്‍, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

കോട്ടിംഗിന്റെ കരുത്തുറ്റ ക്രിസ്റ്റല്‍ പോലുള്ള ലെയര്‍ വാഹനത്തിന് അള്‍ട്രാ വയലറ്റ് രശ്മികളേറ്റുള്ള മങ്ങല്‍ ലഘൂകരിക്കുകയും ചെയ്യും. സ്വയം ശുദ്ധമാകുന്ന സവിശേഷതയുള്ളതിനാല്‍ മെയ്‌ന്റെയ്ന്‍ ചെയ്യാന്‍ അനായാസം സാധിക്കുകയും ഓക്‌സിഡേഷനെയും തുരുമ്പിനെയും പ്രതിരോധിക്കാനും അതുവഴി കാറിന്റെ ഗ്ലാസ്, പെയ്ന്റ്, റിമ്മുകള്‍/വീലുകള്‍, വിനൈല്‍ പ്ലാസ്റ്റിക്, ലെഥര്‍ തുടങ്ങിയവയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും ചെയ്യും. ഇതിനു പുറമേ, പുതുമ എല്ലാക്കാലത്തേക്കും എന്ന വാഗ്ദാനത്തിന്റെ ഭാഗമായി ടാറ്റയുടെ മറ്റു പാസഞ്ചര്‍ വാഹനങ്ങളിലേക്കും ഈ സവിശേഷ സേവനം വ്യാപിപ്പിക്കും. ഓരോ വിഭാഗത്തിനും അനുസരിച്ചായിരിക്കും വില.
 
സഫാരിക്ക് അഞ്ചു വര്‍ഷം വരെയും പരിധിയില്ലാത്ത കിലോമീറ്ററുകള്‍ക്കും പെന്റാകെയര്‍ എക്സ്റ്റന്‍ഡഡ് വാറന്റി അവതരിപ്പിക്കുന്നു.  2+1 വര്‍ഷങ്ങള്‍/1.15 ലക്ഷം കിലോമീറ്ററുകള്‍ (ആദ്യമേത് എന്ന ക്രമത്തില്‍), 2+2 വര്‍ഷങ്ങള്‍/1.30 ലക്ഷം കിലോമീറ്ററുകള്‍ (ആദ്യമേത് എന്ന ക്രമത്തില്‍) 2+3 വര്‍ഷങ്ങള്‍ (പെന്റാകെയര്‍)/പരിധിയില്ലാത്ത കിലോമീറ്ററുകള്‍ക്ക് എന്നീ മൂന്ന് ഓപ്ഷനുകളാണ് എക്സ്റ്റന്‍ഡ് വാറന്റിക്കുള്ളത്. എന്‍ജിന്‍, എന്‍ജിന്‍ മാനേജ്‌മെന്റ് സംവിധാനം, എയര്‍ കണ്ടീഷനിംഗ് സംവിധാനം, പ്രസരണ സംവിധാനം, ഗിയര്‍ബോക്‌സ്, ഇന്ധന സംവിധാനം തുടങ്ങിയ സുപ്രധാന ഭാഗങ്ങളുടെയെല്ലാം പ്രധാന മെയ്ന്റനന്‍സ് സര്‍വീസുകള്‍ വാറന്റി പാക്കേജില്‍ ഉള്‍പ്പെടും.

ക്ലച്ച്, സസ്‌പെന്‍ഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ തകരാറായതിനെ തുടര്‍ന്ന് വാഹനം ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യമുണ്ടായാല്‍ 50,000 കിലോമീറ്റര്‍ വരെ എക്‌സ്റ്റന്‍ഡ് വാറന്റിയുടെ പരിധിയിലുള്‍പ്പെടും. വാല്യു കെയര്‍ മെയ്ന്റനന്‍സ് പ്ലാന്‍ - ആനുവല്‍ മെയ്ന്റനന്‍സ് കോണ്‍ട്രാക്ട് (എഎംസി):  അപ്രതീക്ഷിതമായ അറ്റകുറ്റപ്പണി ചെലവുകളില്‍ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുകയും വാഹനത്തിന്റെ പ്രവര്‍ത്തന സമയത്ത് ലൂബ്രിക്കന്റുകളുടെ വിലക്കയറ്റത്തിനും വിലയിലെ ചാഞ്ചാട്ടത്തിനും എതിരെ സംരക്ഷണം വഴി ഗണ്യമായ ലാഭം നല്‍കുകയും ചെയ്യുന്ന ഇന്ത്യയിലുടനീളം ലഭ്യമാകുന്ന മെയിന്റനന്‍സ് സര്‍വീസ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios