ദില്ലി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാൻ യാരിസ് ഫ്ലീറ്റ് വിഭാഗത്തിലും വിൽപ്പനയിലെത്തി. ബി വിഭാഗം സെഡാനായ എറ്റിയോസിന്റെ പകരക്കാരനായിട്ടാണു യാരിസ് എത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് എറ്റിയോസ് വിപണി വിട്ടത്.  

ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ്(ജി ഇ എം) പോർട്ടലിലും യാരിസ് ഇടംപിടിച്ചു. സാധാരണ യാരിസ് ജെ വകഭേദത്തെ അപേക്ഷിച്ച് വിലയിൽ 1.96 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭ്യമാവുന്ന, താഴ്ന്ന വകഭേദമായ ‘ജെ’ അടിസ്ഥാനമാക്കുന്ന ഫ്ലീറ്റ് സ്പെസിഫിക്കേഷൻ യാരിസിന് 9.12 ലക്ഷം രൂപയാണു ഷോറൂം വില.

പ്രധാനമായും സൂപ്പർ വൈറ്റ് നിറത്തിലാണു ഫ്ളീറ്റ് ശ്രേണിക്കുള്ള യാരിസ് എത്തുന്നത്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അനുസരിച്ച് മറ്റു നിറങ്ങളിലും കാർ ലഭ്യമാക്കുമെന്നാണു ടി കെ എമ്മിന്റെ വാഗ്ദാനം. 2018ലാണ് ടൊയോട്ട ഇന്ത്യയിൽ ‘യാരിസ്’ നിർമാണം ആരംഭിച്ചത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ഏഴ് എയർ ബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി), ബ്രേക്ക് അസിസ്റ്റ്, റിമോട്ട് സെൻട്രൽ ലോക്കിങ്, മാനുവൽ ഡേ/നൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊക്കെ കാറിലുണ്ട്. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ ‘യാരിസ്’എത്തുന്നത്.

Read more: കിയ സോണറ്റ് എത്തുക ക്ലച്ച്‌ലെസ് മാനുവൽ ട്രാന്‍സ്‍മിഷനില്‍

കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിയന്ത്രിക്കാനും സാധ്യതയുണ്ട്. 1.5 ലീറ്റർ പെട്രോൾ എൻജിനാണ് കാറിനു കരുത്തേകുന്നത്. 107 ബി എച്ച് പിയോളം കരുത്തും 140 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ആറ് സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ഈ കാറിൽ ഇരട്ട വർണ അകത്തളത്തിനൊപ്പം ക്രമീകരിക്കാവുന്ന മുൻ – പിൻ ഹെഡ്റസ്റ്റ്, മുൻ – പിൻ ആം റസ്റ്റ്, പവർ അജ്ഡസ്റ്റബ്ൾ വിങ് മിറർ, പവർ വിൻഡോ, മാനുവൽ എ സി, പിന്നിൽ ചാർജിങ് ഔട്ട്ലെറ്റ് തുടങ്ങിയവയും ലഭിക്കും. ഫ്ലീറ്റ് വിഭാഗത്തിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, ഫോഗ്സ്വാഗൻ വെന്റോ തുടങ്ങിയവരാണ് യാരിസിന്റെ എതിരാളികള്‍.

നിലവില്‍ മികച്ച വില്‍പ്പനയാണ് യാരിസിന് എന്നാണ് കമ്പനി പറയുന്നത്. 2020 ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയിൽ 2019 ജനുവരി – മാർച്ചിനെ അപേക്ഷിച്ച് 64% വളർച്ച കൈവരിച്ചെന്ന് ടി കെ എം പറയുന്നു. 

Read more: ഡ്രൈവറില്ലാ കാറുകളുണ്ടാക്കാന്‍ ബെന്‍സിന് കൂട്ടായി എന്‍വീഡിയ