പുതുതലമുറ ഡസ്റ്ററിന്റെ 7 സീറ്റർ പതിപ്പായ റെനോ ബോറിയൽ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. ഡസ്റ്ററുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുന്ന ഈ വാഹനം 2026 അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2025 ജൂലൈയിലാണ് പുതിയ റെനോ ബോറിയൽ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. പുതുതലമുറ ഡസ്റ്ററിന്റെ 7 സീറ്റർ പതിപ്പാണിത്. ബ്രസീൽ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് തുടങ്ങി 71 വിപണികളിൽ മാത്രമായി ഇത് വിൽക്കപ്പെടും. നവംബർ നാലിന് ബ്രസീലിൽ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുകയാണ് ഈ എസ്‌യുവി. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഈ വാഹനത്തിനുള്ള പ്രീ-ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. എവല്യൂഷൻ, ടെക്‌നോ, ഐക്കണിക് എന്നീ മൂന്ന് ട്രിം ലെവലുകളിൽ ബോറിയൽ ലൈനപ്പ് ലഭ്യമാകും.
എഞ്ചിൻ ഓപ്ഷനുകൾ
ഡസ്റ്ററുമായി റെനോ ബോറിയൽ തങ്ങളുടെ പവർട്രെയിനുകൾ പങ്കിടും. ഇന്ത്യയിൽ ഈ 7 സീറ്റർ എസ്‌യുവി രണ്ട് പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. 1.3 ലിറ്റർ ടർബോ, 1.2 ലിറ്റർ മൈൽഡ് ഹൈബ്രിഡ് എന്നിവയാണവ. പിന്നീടുള്ള ഘട്ടത്തിൽ ഒരു ശക്തമായ ഹൈബ്രിഡ് വേരിയന്‍റ് നിരയിൽ ചേരും. ബ്രസീലിൽ, 163 ബിഎച്ച്പിയും 269.6 എൻഎം പവറും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ ടിസിഇ ടർബോ ഫ്ലെക്സ് പവർട്രെയിനുമായി ബോറിയൽ അവതരിപ്പിക്കും. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും. എസ്‌യുവിയിൽ ഇക്കോ, കംഫർട്ട്, സ്‌പോർട്, സ്മാർട്ട് എന്നീ നാല് ഡ്രൈവിംഗ് മോഡുകളും സ്നോ, മഡ്/സാൻഡ്, ഓഫ്-റോഡ്, ഇക്കോ, ഓട്ടോ എന്നീ അഞ്ച് ടെറൈൻ മോഡുകളും ഉണ്ടായിരിക്കും.
കളർ ഓപ്ഷനുകൾ
ബ്രസീലിയൻ വിപണിയിൽ, ബോറിയൽ ആറ് നിറങ്ങളിൽ ലഭ്യമാകും. മെർക്കുർ ബ്ലൂ, എറ്റോയിൽ സിൽവർ, ഗ്ലേസിയർ വൈറ്റ്, നാക്രെ ബ്ലാക്ക്, കാസിയോപ്പി ഗ്രേ, ഫ്യൂ റെഡ് തുടങ്ങിയവയാണ് ഈ നിറങ്ങൾ.
ഇന്ത്യൻ ലോഞ്ച് എപ്പോൾ?
ഇന്ത്യൻ വിപണിയിൽ ഒരു പ്രീമിയം മൂന്നുവരി എസ്‌യുവി അവതരിപ്പിക്കുമെന്ന് റെനോ സ്ഥിരീകരിച്ചു. ഡസ്റ്ററിനെ അടിസ്ഥാനമാക്കി, ഈ പുതിയ 7-സീറ്റർ എസ്‌യുവി അതിന്റെ അഞ്ച് സീറ്റർ എതിരാളി പുറത്തിറങ്ങിയതിന് ശേഷം ആറ് അല്ലെങ്കിൽ 12 മാസത്തിനുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ റെനോ ഡസ്റ്റർ 2026 ന്റെ ആദ്യ പകുതിയിൽ ഷോറൂമുകളിൽ എത്തും. അതേസമയം അതിന്റെ 7-സീറ്റർ 2026 അവസാനമോ 2027 ന്റെ തുടക്കത്തിലോ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, 7-സീറ്റർ റെനോ ഡസ്റ്റർ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ എന്നിവയുമായി മത്സരിക്കും.


