റെനോ തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പ് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. പുതിയ മോഡലിൽ കോസ്മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളും പ്രതീക്ഷിക്കാം.
ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ തങ്ങളുടെ മോഡലുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. കഴിഞ്ഞ മാസം കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ട്രൈബർ പുറത്തിറക്കി. പിന്നാലെ അപ്‌ഡേറ്റ് ചെയ്ത കിഗർ ഈ ആഴ്ച ആദ്യം പുറത്തിറക്കി. ഈ രണ്ട് മോഡലുകളിലും കോസ്മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളും നൽകിയിട്ടുണ്ട്. ഇപ്പോൾ ബ്രാൻഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന്‍റെ ഫേസ്‍ലിഫ്റ്റും കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സമീപ വർഷങ്ങളിൽ ബജറ്റ് കാറുകൾക്കുള്ള ഡിമാൻഡ് കുറഞ്ഞു. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ ക്വിഡും അപ്‌ഡേറ്റ് ചെയ്യുമെന്ന് റെനോ സ്ഥിരീകരിച്ചു. ഈ എൻട്രി ലെവൽ കാറിൽ കമ്പനി നിരവധി മികച്ച സവിശേഷതകൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2015 ൽ ആദ്യമായി പുറത്തിറക്കിയ ക്വിഡ് 2019 ൽ പുതുക്കിപ്പണിതു. ചെറിയ 800 സിസി പെട്രോൾ എഞ്ചിൻ 2023 ഏപ്രിലിൽ നിർത്തലാക്കി. അതേസമയം 1.0 ലിറ്റർ യൂണിറ്റ് E20 ഇന്ധന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്തു. ഇതിനുപുറമെ, വർഷങ്ങളായി ഈ ഹാച്ച്ബാക്കിൽ ചേർത്ത മിക്ക സവിശേഷതകളും വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ ഫീച്ചറുകളും ഡിസൈനിൽ ചെറിയ മാറ്റങ്ങളും ഉൾപ്പെടെ വരാനിരിക്കുന്ന പതിപ്പും അൽപ്പം പുതിയതായിരിക്കുമെന്ന് റെനോ സൂചിപ്പിച്ചു.
എൻട്രി ലെവൽ സെഗ്‌മെന്റിൽ ക്വിഡിന്റെ ഏറ്റവും അടുത്ത എതിരാളി മാരുതി സുസുക്കി അൾട്ടോയാണ്. ബജറ്റ് ഫ്രണ്ട്‍ലി ഉൽപ്പന്നമാണെങ്കിലും, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിആർഎൽ, 14 ഇഞ്ച് വീലുകൾ, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ക്വിഡിൽ ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ക്വിഡന്‍റെ സുരക്ഷാ സവിശേഷതകളും റെനോ കൂട്ടിയേക്കും.
വരാനിരിക്കുന്ന അപ്‌ഡേറ്റിൽ അതിന്റെ മെക്കാനിക്കലുകളിൽ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. 67 bhp കരുത്തും 91 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇതിന് ലഭിക്കും. ഇത് അഞ്ച് സ്‍പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 56 bhp കരുത്തും 82 എൻഎം ടോർക്കും ഉള്ള ഒരു സിഎൻജി വേരിയന്റും ലഭ്യമാകും.
