2019 ജൂലൈ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എയര്‍ ബാഗുകള്‍, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അക്കാര്യം ഓര്‍മ്മിപ്പിക്കാനുള്ള സംവിധാനം, വേഗത നിയന്ത്രണ സംവിധാനങ്ങള്‍, റിവേഴ്സ് അലെര്‍ട്ട്, അപകടഘട്ടങ്ങളില്‍ സെന്‍ട്രല്‍ ലോക്കിങ് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മാനുവലായി കാര്‍ തുറക്കാനുള്ള സംവിധാനം തുടങ്ങിയവ എല്ലാ കാറുകളിലും സജ്ജീകരിക്കണം. ഇതിന് പുറമേ വാഹനങ്ങളുടെ മുന്നിലും വശങ്ങളിലും ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാനും പദ്ധതിയുണ്ട്.
ഇപ്പോള്‍ വലിയ വിലയ്ക്കുള്ള ആഡംബര കാറുകളില്‍ മാത്രം ലഭ്യമാവുന്ന ഈ സംവിധാനങ്ങളില്ലാതെ ഒന്നര വര്‍ഷത്തിന് ശേഷം ഒരു കാറും രാജ്യത്ത് പുറത്തിറക്കാനാവില്ല. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കും. രാജ്യത്ത് റോഡ് അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എല്ലാ കാറുകളിലും നിശ്ചിത എണ്ണം എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കും. ഇതിന് പുറമെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അക്കാര്യം ഓര്‍മ്മപ്പെടുത്തുന്ന സന്ദേശം വാഹനം തന്നെ ഡ്രൈവര്‍ക്ക് നല്‍കണം. 80 കിലോമീറ്ററിന് മുകളിലുള്ള വേഗതയില്‍ വാഹനം എത്തിയാല്‍ ഓഡിയോ അലെര്‍ട്ട് നല്‍കണം. 100 കിലോമീറ്റര്‍ വേഗതയിലെത്തിയാല്‍ ഗൗരവതരമായ മുന്നറിയിപ്പും 120 കിലോമീറ്ററിന് മുകളില്‍ സ്പീഡില്‍ വാഹനം എത്തുമ്പോള്‍ തുടര്‍ച്ചയായ മുന്നറിയിപ്പും നല്‍കണം. വേഗത കുറയ്ക്കുന്നത് വരെ ഇത് കേട്ടുകൊണ്ടേയിരിക്കും.
അപകട സമയങ്ങളില്‍ വാഹനങ്ങളുടെ ഇലക്ട്രിക് സംവിധാനം തകരാറിലാകുന്നത് മൂലം യാത്രക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോകുന്നത് സ്ഥിരം സംഭവമാണ്. ഇതുകാരണം സ്വയം രക്ഷപെടാനോ രക്ഷാ പ്രവര്‍ത്തകര്‍ക്ക് യാത്രക്കാരെ പുറത്തെടുക്കാനോ കഴിയില്ല. ഇത് ഒഴിവാക്കാനുള്ള സംവിധാനം വാഹനങ്ങളില്‍ സജ്ജീകരിക്കണം. സെന്‍ട്രല്‍ ലോക്ക് പ്രവര്‍ത്തിക്കാതെ വന്നാല്‍ മാനുവലായി കാര്‍ തുറക്കാനുള്ള സൗകര്യം വേണം. റിവേഴസ് ഗിയറില്‍ ഓടിക്കുമ്പോള്‍ പിന്നിലുള്ള കാര്യങ്ങള്‍ മനസിലാക്കാനുള്ള ക്യാമറകളോ സെന്‍സറുകളോ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കും. ഇതിനെല്ലാം പുറമെയാണ് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്. നിശ്ചിത പരിധിയിലുള്ള അപകടങ്ങള്‍ താങ്ങാനാവുന്ന വാഹനമാണോ എന്ന് പരിശോധിക്കാന്‍ മുന്നിലും വശങ്ങളിലും ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നത് നിര്‍ബന്ധമാക്കാനും പദ്ധതിയുണ്ട്. ഒരു വാഹനവും മരണക്കെണിയാവരുതെന്ന് ഉറപ്പാക്കുന്ന നിബന്ധനകളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
