മറവി ഒരു കുറ്റമല്ല. പല കാര്യങ്ങളും മറന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്വദേശിയായ ഒരാള്‍ മറന്നത് തന്‍റെ കാര്‍ പാര്‍ക്ക് ചെയ്‍ത ഇടമാണ്. അങ്ങനെ മറന്നു പോയ കാര്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇയാള്‍ക്ക് തിരികെ ലഭിച്ചു എന്നതാണ് രസകരമായ വാര്‍ത്ത. ജമ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ ലഭിച്ചത്.

തന്‍റെ കാര്‍ മോഷണം പോയതായി ഉടമ 1997ല്‍ പരാതി നല്‍കിയിരുന്നു. അന്ന് അമ്പത്താറുകാരനായ ഇയാള്‍ വാഹനം പാര്‍ക്ക് ചെയ്ത ഇടം മറന്നുപോയതായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 20 വര്‍ഷത്തിന് ശേഷം കാറ് കണ്ടെത്തിയതായി ഇയാളുടെ മകളെ പോലീസ് അറിയിക്കുകയായിരുന്നു. ഒരു പഴയ കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം.

സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോഴാണ് ഉടമസ്ഥനെ അധികൃതര്‍ തിരിച്ചറിഞ്ഞത്. കാറ് തിരിച്ചു കിട്ടിയെങ്കിലും ഇനി റോഡില്‍ ഇറക്കാനാകാത്ത വിധം കാറ് തുരുമ്പെടുത്ത് നശിച്ചിരുന്നു. അതിനാല്‍ സ്‌ക്രാപ്പ് ചെയ്യാതെ മറ്റ് മാര്‍ഗമില്ല. എന്തായാലും ഉടമസ്ഥനോട് ഫൈന്‍ അടക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷം മുമ്പ് കാണാതായ കാര്‍ ഉടമസ്ഥന് കഴിഞ്ഞ ആഴ്ച തിരിച്ചു കിട്ടിയ സംഭവം ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഇയാള്‍ താന്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്‍ക്ക് ചെയ്തതായി ഇയാള്‍ അവകാശപ്പെട്ട സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ ദൂരത്ത് നിന്നുമാണ് കാര്‍ കണ്ടെത്തിയത്.