ചെന്നൈ: വാഹനാപകടങ്ങളില്‍ ജീവന്‍പൊലിയുന്നതില്‍ പ്രധാനകാരണം അശ്രദ്ധയാണ്. ഒരാളുടെ അശ്രദ്ധ ചിലപ്പോള്‍ ഒരുപാട് പേരുടെ മരണത്തിന് ഇടയാക്കും. ട്രാഫിക് നിയമങ്ങള്‍ എത്ര പരിഷ്‌കരിച്ചാലും കര്‍ശനമാക്കിയാലും അശ്രദ്ധ വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് സൂചന നല്‍കുകയാണ് തമിഴ്‌നാട്ടില്‍നിന്നുള്ള വീഡിയോ.
ലോറിയ്ക്കടിയില്‍പ്പെട്ട സ്‌കൂട്ടറില്‍നിന്ന് രണ്ട് സ്ത്രീകള്‍ അത്ഭുതകരമായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതാണ് വീഡിയോ. ഇവര്‍ രക്ഷപ്പെട്ടതില്‍ ആശ്വസിക്കുന്നതിലുപരി സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിയുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് റോഡിലേക്ക് കയറുകയായിരുന്നു യുവതി. തൊട്ടുപിറകിലുണ്ടായിരുന്ന ലോറി ഈ സ്ത്രീയുടെ ശ്രദ്ധയില്‍ പെട്ടില്ല. ലോറിയുടെ സൈഡില്‍ ഇഡിച്ച് സ്‌കൂട്ടര്‍ ലോറിയ്ക്കടിയിലേക്ക് പോകുകയായിരുന്നു. ലോറി സ്പീഡ് കുറച്ച് വന്നതുകൊണ്ടും ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതുകൊണ്ടും ഇരുവരും രക്ഷപ്പെടുകയായിരുന്നു. പരിക്കുകളൊന്നുമില്ലാതെയാണ് ഇവര്‍ രക്ഷപ്പെട്ടത്.

