ചരക്ക് സേവന നികുതിയിലെ സെസ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം വാഹനങ്ങള്‍ക്ക് വില കൂട്ടി തുടങ്ങി. ലക്ഷ്വറി കാറുകൾക്കും എസ്‍‌യുവികൾക്കും സെ‍ഡാനുകൾക്കുമുള്ള ജി എസ് ടി പ്രകാരമുള്ള അധിക സെസ് നിരക്കുകൾ പരിഷ്കരിച്ചതോടെ വാഹന വില വർധിപ്പിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പും. അടുത്തിടെ പുറത്തിറങ്ങിയ ജീപ്പ് കോംപസിന് 21000 രൂപ മുതൽ 72000 രൂപ വരെ വർദ്ധിച്ചപ്പോൾ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഗ്രാന്റ് ചെറോക്കിക്ക് 2.75 ലക്ഷം രൂപയും റാഗ്ലർ അൺലിമിറ്റഡിന് 6.4 ലക്ഷം രൂപയും വർദ്ധിച്ചു. ഇതോടെ ജീപ്പ് കോംപസിന്റെ വില 15.16 ലക്ഷം മുതൽ 21.37 ലക്ഷം രൂപവരെയായി ഉയർന്നു. ജീപ്പിനെ കൂടാതെ മാതൃകമ്പനിയായ ഫീയറ്റിന്റെ ലീനിയ, പുന്തോ തുടങ്ങിയ മോഡലുകളുടെ വില 9000 രൂപ മുതല്‍ 14000 രൂപ വരെയും കമ്പനി വർദ്ധിപ്പിച്ചു.

കഴിഞ്ഞ ദിവസം ഹോണ്ട ഉള്‍പ്പെടെ വിവിധ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചരുന്നു. ജനപ്രിയ മോഡലുകള്‍ക്ക് അടക്കം 89,069 രൂപ വരെയാണ് വ്യാഴാഴ്ച ഹോണ്ട വര്‍ദ്ധിപ്പിച്ചത്. നേരത്തെ സെസ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം) പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ ‘ഇന്നോവ ക്രിസ്റ്റ’യ്ക്ക് 78,000 രൂപ ഉയരുമ്പോൾ ‘ഫോർച്യൂണറി’ന്റെ വില വർധന 1.60 ലക്ഷം രൂപയാണ്. ‘കൊറോള ഓൾട്ടിസി’ന്റെ വിലയിൽ 72,000 രൂപയുടെയും ‘പ്ലാറ്റിനം എത്തിയോസി’ന്റെ വിലയിൽ 13,000 രൂപയുടെയും വർധനയുണ്ട്. അതേസമയം സങ്കര ഇന്ധന മോഡലുകൾക്കും ചെറിയ കാറുകൾക്കും വിലയിൽ മാറ്റമില്ലെന്നും ടി കെ എം വ്യക്തമാക്കിയിരുന്നു.

ഹോണ്ടയുടെ സിറ്റി, BR-V, CR-V എന്നീ മോഡലുകള്‍ക്കാണ് ഇന്ന് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. സിറ്റിക്ക് 7,003 മുതല്‍ 18,791 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. BR-Vക്ക് 12,490 രൂപ മുതല്‍ 18,242 രൂപ വരെ വര്‍ദ്ധിക്കും. CR-Vക്കാണ് ഏറ്റവുമധികം വില വര്‍ദ്ധിക്കുന്നത്. 75,304 രൂപ മുതല്‍ 89,069 രൂപ വരെയായിരിക്കും CR-Vക്ക് കൂടുന്നത്. സെപ്തംബര്‍ 11 മുതല്‍ തന്നെ പുതിയ വില നിലവില്‍ വന്നെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ജി.എസ്.ടി സെസ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ടൊയോട്ടയും ഇന്നലെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് ടൊയോട്ട വില കൂട്ടിയത്. ഇതനുസരിച്ച് ഇന്നോവ ക്രിസ്റ്റക്ക് 78,000 രൂപ വരെയും ഫോര്‍ച്യൂണറിന് 1,60,000 രൂപയും കൊറേള്ള ഓള്‍ട്ടിസിന് 72,000 രൂപയുമാണ് വര്‍ദ്ധിച്ചത്. ചെറുകാറായ പ്ലാറ്റിനം എറ്റിയോസിന് 13,000 രൂപ വരെയും വില കൂടിയിട്ടുണ്ട്. ഇതും സെപ്തംബര്‍ 12 മുതല്‍ നിലവില്‍ വന്നുകഴിഞ്ഞു. മറ്റ് കമ്പനികളും അധികം വൈകാതെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് കാറുകളുടെ ജി.എസ്.ടി സെസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.