Asianet News MalayalamAsianet News Malayalam

വരുന്നൂ സ്‍കൂട്ടറുകളിലെ ഹീറോയാകാന്‍ ഡെസ്റ്റിനി

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ് അവതരിപ്പിക്കുന്ന പുത്തന്‍ സ്‍കൂട്ടറായ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് നിരത്തുകളിലെത്തും. 

Hero Destini 125 to be launched on 22 October
Author
Mumbai, First Published Oct 19, 2018, 12:25 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോ കോര്‍പ് അവതരിപ്പിക്കുന്ന പുത്തന്‍ സ്‍കൂട്ടറായ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് നിരത്തുകളിലെത്തും. ജയ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുന്നത്.

മാസ്‌ട്രോ, ഡ്യുവറ്റ് എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് ഡെസ്റ്റിനി 125 എത്തുന്നത്.  രൂപത്തില്‍ കരുത്ത് കുറഞ്ഞ ഡ്യുവറ്റില്‍നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഡെസ്റ്റിനിക്കുള്ളു. 1830 എംഎം നീളവും 726 എംഎം വീതിയും 1155 എംഎം ഉയരവും 1245 എംഎം വീല്‍ബേസുമാണ് ഡെസ്റ്റിനിക്കുള്ളത്. 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 ല്‍. എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയുടെ പിന്തുണ എഞ്ചിനുണ്ട്.

ഡിജിറ്റല്‍ ഡിസ്‌പ്ലേ, ട്യൂബ് ലെസ് ടയര്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, സര്‍വ്വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, ബൂട്ട് ലൈറ്റ് തുടങ്ങിയവയാണ് സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍. സീറ്റ് തുറക്കാതെ തന്നെ ഡെസ്റ്റിനി മോഡലില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. ബൂട്ട് ലൈറ്റും മോഡലിന്റെ സവിശേഷതയാണ്. 

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി ഇരുടയറുകളിലും ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. ട്യൂബ്ലെസാണ് ടയറുകള്‍. ഒരുപക്ഷെ ഓപ്ഷന്‍ എക്സ്ട്രാ വ്യവസ്ഥയില്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് മോഡലില്‍ കമ്പനി നല്‍കിയേക്കും.

ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍ ഏറ്റുമുട്ടുക. ഏകദേശം 62,000 രൂപയായിരിക്കും സ്‍കൂട്ടറിന്‍റെ വിപണി വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios