ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആക്ടീവ ഫോര്‍ ജി നിരത്തിലിറക്കി. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള പരിഷ്‌കരിച്ച 110 സി സി എന്‍ജിനുള്ള ഗീയര്‍രഹിത സ്‌കൂട്ടറിന് 50,730 രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില.

ബി എസ് നാല് നിലവാരമുള്ള എന്‍ജിനൊപ്പം ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ സൗകര്യവുമായാണു പുതിയ ആക്ടീവ ഫോര്‍ ജി എത്തുന്നത്. മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്, ഇക്വലൈസര്‍ സാങ്കേതികവിദ്യയുള്ള കോംബി ബ്രേക്ക് തുടങ്ങിയവയും സ്‌കൂട്ടറിലുണ്ട്.

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വളര്‍ച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു 110 സി സി ഓട്ടമാറ്റിക് സ്‌കൂട്ടറുകള്‍. ഈ വിപണിയില്‍ 58% വിഹിതമാണ് എച്ച് എം എസ് ഐ അവകാശപ്പെടുന്നത്. ഇതുവരെ ഒന്നര കോടി ആക്ടീവയാണ് ഹോണ്ട ഇന്ത്യയില്‍ വിറ്റുവെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള ഗീയര്‍രഹിത സ്‌കൂട്ടറാണ് ആക്ടീവയെന്നാണ് കമ്പനിയുടെ അവകാശവാദം.