ഇന്ത്യയിൽ 22,834 കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എയർബാഗിന്റെ നിർമാണത്തിലെ പിഴവാണ് കാരണം.  അക്കോഡ്, സിറ്റി, ജാസ് എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) വ്യക്തമാക്കി.

 2013ൽ നിർമിച്ച കാറുകളാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്. പ്രീമിയം സെഡാനായ അക്കോഡ് 510 എണ്ണവും ഇടത്തരം സെഡാനായ സിറ്റി 22,084 എണ്ണവും പ്രീമിയം ഹാച്ച്ബാക്കായ ജാസ് 240 എണ്ണവുമാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ജപ്പാനിലെ തകാത്ത കോർപറേഷൻ വിതരണം ചെയ്ത എയർബാഗുകളിലാണു നിർമാണ പിഴവ് സംശയിക്കുന്നത്. ഇതോടെ എയർബാഗ് തകരാറിന്റെ പേരിൽ ഹോണ്ട കാഴ്സ് തിരിച്ചുവിളിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 3.13 ലക്ഷം യൂണിറ്റാകും.

ആഗോളതലത്തിൽ കമ്പനി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിലും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്നും ഹോണ്ട വിശദീകരിക്കുന്നു.
വാഹന പരിശോധന ഉടനടി ആരംഭിക്കുമെന്ന് എച്ച് സി ഐ എൽ അറിയിച്ചിട്ടുണ്ട്.  2013ല്‍ നിർമിച്ച അക്കോഡ്, സിറ്റി, ജാസ് എന്നിവയുടെ മുന്നിലെ എയർബാഗ് ഇൻഫ്ളേറ്റർ സൗജന്യമായി മാറ്റി നൽകുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം.

കഴിഞ്ഞ ജനുവരിയിൽ 41,580 കാറുകൾ ഹോണ്ട തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. 2016 ജൂലൈയിലും 1,90,578 കാറുകൾ  ഹോണ്ട തിരിച്ചു വിളിച്ചു പരിശോധിച്ചിരുന്നു.