ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്​തമാക്കുന്നതി​​ന്‍റെ ഭാഗമായി ആറ്​ പുതിയ കാറുകൾ പുറത്തിറക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2017ലെ ടോക്കിയോ മോ​ട്ടോർ ഷോയിലാണ്​ ഹോണ്ടയുടെ സുപ്രധാന പ്രഖ്യാപനം. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ കാറുകൾ പുറത്തിറക്കാനാണ്​ കമ്പനിയുടെ പദ്ധതി.

ആറു വാഹനങ്ങളും പുതിയ മോഡലുകളായിരിക്കുമെന്നും നിലവിലുള്ളവയുടെ പരിഷ്‌കരിച്ച പതിപ്പുകളായിരിക്കില്ലെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ. യോയിചിറോ യുനോ വ്യക്തമാക്കി. ഏതൊക്കെ മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ മോഡലുകളില്‍ ഇലക്ട്രിക് കാറുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെറു എസ്.യു.വിയായ സിആര്‍-വിയുടെ പുതിയ പതിപ്പ്, ചെറു സെഡാനായ പുതിയ അമേസ് എന്നിവ അടുത്ത വര്‍ഷം പുറത്തിറങ്ങും. 2019-ഓടെ സെഡാന്‍ മോഡലായ സിവിക്, ക്രോസ് ഓവറായ ഹോണ്ട എച്ച്ആര്‍-വി എന്നിവയും പുറത്തിറങ്ങിയേക്കും.

ഇന്ത്യയിൽ ഇലക്​ട്രിക്​ കാറുകൾ പുറത്തിറക്കാൻ തൽക്കാലം പദ്ധതിയില്ലെങ്കിലും ഇന്ത്യൻ വിപണിക്കായി ഹൈബ്രിഡ്​ കാറുകൾ പരിഗണിക്കും. സർക്കാറി​​ന്‍റെ നയം കൂടി അറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ആറ്​ പുതിയ കാറുകൾ പുറത്തിറക്കും. 2020–ഓടെ മലിനീകരണ ചട്ടമായ ബി.എസ്​6ലേക്ക്​ ഇന്ത്യൻ വിപണിയിൽ എത്താനാവുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി.

2020-ഓടെ അടുത്ത തലമുറയില്‍പ്പെട്ട ജനപ്രിയ സെഡാന്‍ സിറ്റിയുടെ പുതിയ മോഡല്‍ പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി. നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ ഇതിനോടകം അവതരിപ്പിച്ച പത്താം തലമുറ സെഡാനായ അക്കോര്‍ഡ് 2020-ഓടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ ഹൈബ്രിഡ്​ കാറുകളുടെയും വൈദ്യുത വാഹനങ്ങളുടെയും ഭാവി തികഞ്ഞ അനിശ്​ചിതത്വത്തിലാണെന്ന്​ ഹചിഗൊ വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ ജി.എസ്​.ടി നടപ്പിലാക്കിയതോടെ ഹൈബ്രിഡ്​ വാഹനങ്ങളുടെ വില ഉയർന്നിരുന്നു. ഇതാണ്​ ഹോണ്ടയു​ൾപ്പടെയുള്ള കമ്പനികളെ ആശങ്കപ്പെടുത്തുന്നത്​.