ഹോണ്ട വിമാനം വില്‍ക്കാനൊരുങ്ങുന്നു

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വിമാന വില്‍പ്പനയ്ക്കും തയ്യാറെടുക്കുന്നു. ജപ്പാനിൽ വിമാന വിൽപ്പന ആരംഭിക്കാനാണ് ഹോണ്ട മോട്ടോർ കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുബെനി കോർപറേഷനുമായി സഹകരിച്ചാണ് ആറു സീറ്റുള്ള ബിസിനസ് ജെറ്റായ ‘ഹോണ്ട ജെറ്റ്’ വിപണിയിലെത്തിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏതെങ്കിലും വാഹന നിർമാതാവ് യാഥാർഥ്യമാക്കുന്ന ആദ്യ വിമാനമാണു ‘ഹോണ്ട ജെറ്റ്’.
35 വര്‍ഷത്തെ ശ്രമത്തിലൂടെയാണു ഹോണ്ട വിമാന നിർമാണം യാഥാർഥ്യമാക്കിയത്. ചട്ടക്കൂടിനു പകരം ചിറകുകളിൽ ഘടിപ്പിച്ച എൻജിനും ശബ്ദശല്യമില്ലാത്ത അകത്തളവും പൂർണതോതിലുള്ള വാഷ്റൂമുമൊക്കെയാണ് വിമാനത്തിന്‍റെ പ്രത്യേകത.

52.50 ലക്ഷം ഡോളർറിന് നോർത്ത് അമേരിക്കയിലും യൂറോപ്പിലും മധ്യ പൂർവ രാജ്യങ്ങളിലുമൊക്കെ നിലവിൽ ഹോണ്ട ജെറ്റ് വിൽപ്പനയ്ക്കുണ്ട്. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും വിമാനം വില്‍ക്കാനുള്ള അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണു ഹോണ്ട.

ജപ്പാനില്‍ മിക്കവാറും അടുത്ത വർഷം വിമാനം വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ജപ്പാനിൽ അതിസമ്പന്നരുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഹോണ്ടയുടെ പുതിയ നീക്കം.