ചരിത്ര നേട്ടവുമായി ജാപ്പനീസ് ഇരുചക്രവാഹനനിര്‍മ്മാതാക്കളായ ഹോണ്ട. 2017ല്‍ ഇന്ത്യയില്‍ 50 ലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ഹോണ്ട വിറ്റത്. 17 വര്‍ഷം നീണ്ട ഇന്ത്യയിലെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്. 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 57,94,893 യൂണിറ്റുകളാണ് ഹോണ്ട വിറ്റത്.
ആക്ടീവ, പുതിയ ഗ്രാസിയ, ക്ലിക്ക് എന്നിവയുടെ മികച്ച വില്പനയാണ് ഈ നേട്ടം കൈവരിക്കാന്‍ ഹോണ്ടയെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഹോണ്ടയുടെ ആകെ വില്പന 20 ശതമാനമാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ 38,59,175 യൂണിറ്റുകളാണ് വിറ്റത്. 49,88,512 യൂണിറ്റ് ആയിരുന്നു 2016ല്‍ ഹോണ്ട ആകെ വിറ്റ വാഹനങ്ങളുടെ എണ്ണം.
ഉത്പാദന ശേഷി കൂട്ടിയതും മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചതുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. എല്ലാ ഉപഭോക്താക്കളോടും ഇക്കാര്യത്തില്‍ ഏറെ നന്ദിയുണ്ടെന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 60 ലക്ഷം യൂണിറ്റ് വിലപ്ന നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം വാഹന വില്പനയില്‍ 77 ശതമാനം വര്‍ധനയാണ് ഹോണ്ട കൈവരിച്ചത്. 205,158 യൂണിറ്റുകളാണ് ഡിസംബര്‍ മാസം വിറ്റത്. ഇതോടൊപ്പം തന്നെ ഇരുചക്രവാഹന കയറ്റുമതിയില്‍ 29 ശതമാനം വളര്‍ച്ചയോടെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന കയറ്റുമതിക്കാരെന്ന നേട്ടവും ഹോണ്ടക്ക് സ്വന്തം.
