ബൈക്കോടിക്കുമ്പോള്‍ ഇനി ബാലന്‍സ് തെറ്റി മറിഞ്ഞുവീഴുമെന്ന് പേടിക്കേണ്ട്. അടിതെറ്റാതെ സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ട. ലാസ് വേഗാസില്‍ നടക്കുന്ന 2017 കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയിലാണ് (CES) അടിതെറ്റാതെ സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്ക് ഹോണ്ട അവതരിപ്പിച്ചത്. കമ്പനി സ്വന്തമായി വികസിപ്പിച്ച റൈഡ് അസിസ്റ്റ് ടെക്‌നോളജി വഴിയാണ് ബൈക്ക് പുറത്തിറങ്ങുന്നത്.
റൈഡറുടെ ഇഷ്ടാനുസരണം നോര്‍മല്‍ മോഡ്, ബാലന്‍സ് മോഡ് എന്നീ രണ്ട് മോഡുകളില്‍ ബൈക്ക് ഓടിക്കാം. നോര്‍മല്‍ മോഡില്‍ സാധാരണ യാത്രകള്‍ക്ക് ശേഷം ബാലന്‍സ് മോഡ് ഓണ്‍ ആക്കിയാല്‍ ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്ക് മുന്നിലേക്ക് നീണ്ടു നിവര്‍ന്ന് വീല്‍ ബേസ് വര്‍ധിപ്പിച്ച് കൂടുതല്‍ ബാലന്‍സ് നല്‍കും, ഇതുവഴി അടിതെറ്റാതെ മുന്നോട്ടു കുതിക്കാം. ഡ്രൈവര്‍ക്കൊപ്പം സ്വയം പിറകെ വരുകയും ചെയ്യും.
എന്നാല്‍ ചെറിയ വേഗതയില്‍ (3mph) മാത്രമേ ഇത് പ്രാവര്‍ത്തികമാകുന്നത്. ഹോണ്ട അസിമോ റോബോട്ടിലും യൂണികബ്ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടറിലും ഉപയോഗിച്ച ബാലന്‍സിങ് സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് ബൈക്കില്‍ ഉപയോഗിച്ചത്.
അടുത്തിടെ ജര്‍മനിയിലെ ആഢംബര നിര്‍മാതാക്കളായ ബിഎംഡബ്ല്യു സ്വയം ബാലന്‍സ് ചെയ്യുന്ന വിഷന്‍ നെക്സ്റ്റ് 100 കണ്‍സെപ്റ്റ് ബൈക്കിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റൈഡ് അസിസ്റ്റ് ടെക്‌നോളജി മോഡലുമായി ഹോണ്ടയും അരങ്ങിലെത്തിയത്.
