എബിഎസിനെക്കുറിച്ച് കേട്ടിട്ടില്ലേ? വാഹനത്തിന്റെ ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാക്കാനാണ് ആൻറി ലോക്ക് ബ്രേക്ക് സിസ്റ്റം അഥവാ എബിഎസ് ഉപയോഗിക്കുന്നത്. വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യും. ഇതാണ് എബിഎസിന്‍റെ പ്രവര്‍ത്തനം.
എല്ലാ വാഹനങ്ങൾക്കും എബിഎസ് നിർബന്ധമാക്കിയാൽ അപകടം കുറയുമെന്ന വിദഗ്ദരുടെ വാക്കുകളെ ശരിവയ്ക്കുന്ന ഒരു അപകട വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മേഘാലയയിലെ ഷില്ലോങ് ഹൈവേയിലാണ് സംഭവം. മഴ പെയ്ത് കുതിർന്ന റോഡിലൂടെ പോകുകയായിരുന്ന രണ്ടു ബൈക്കുകൾ. ഒന്ന് എബിഎസ് ഇല്ലാത്ത പള്‍സറും മറ്റൊന്ന് എബിഎസോടു കൂടിയ കെടിഎം ഡ്യുക്ക് 390യും. വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു വീണ പൾസറിനെ ഇടിക്കാതെ ഡ്യൂക്കിനെ നിയന്ത്രിച്ച് നിർത്താൻ സാധിച്ചത് ബൈക്കിന് എബിഎസ് ഉള്ളതുകൊണ്ടു മാത്രമാണെന്ന് വിഡിയോയിൽ വ്യക്തമാകുന്നു.
