Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്കു യോജിച്ച കാര്‍ എങ്ങനെ തെരെഞ്ഞെടുക്കാം?

പലരും കാറ് വാങ്ങണമെന്ന് തീരുമാനിക്കുന്നത് അയലത്തെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോയൊക്കെ വാഹനങ്ങളെ മനസ്സില്‍ കണ്ടാവും. എന്നാല്‍ വാഹനം തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഇതാവരുത്. നിങ്ങളുടെ ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ജാഡ കാണിക്കുക എന്നതിലുപരി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം.

How to select your car tips
Author
Trivandrum, First Published Oct 5, 2018, 11:30 AM IST

സെഡാനോ ഹാച്ച് ബാക്കോ?
കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന 'എ' സെഗ്‌മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗങ്ങള്‍ വേറെയുമുണ്ട്.

പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്‌പേസ് ഉള്ളവയാണ് സെഡാനുകള്‍. ധാരാളം ബൂട്ട്‌സ്‌പേസാണ് സെഡാന്‍റെ വലിയ ഗുണങ്ങളിലൊന്ന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം, പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും.

എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും. സാധാരണയായി 'സി' വിഭാഗത്തിലാണ് സെഡാനെ ഉള്‍പ്പെടുത്താറ്.  ഫോര്‍ഡ് ഐക്കണ്‍, സ്വിഫ്റ്റ് ഡിസയര്‍, സിയാസ്, എസ്റ്റീം, കൊറോള, അമേസ്, അമിയോ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വില കുറഞ്ഞ ചില എന്‍ട്രിലെവല്‍ സെഡാനുകള്‍ 'ബി പ്ലസ് ' സെഗ്‌മെന്റിലുമുണ്ട്.

ചെറിയ വഴിയാണു വീട്ടിലേക്കുള്ളതെങ്കില്‍ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കും. വളയ്ക്കാനും തിരിക്കാനും നിങ്ങള്‍ ഏറെ ബുദ്ധിമുട്ടും.

How to select your car tips

പാസഞ്ചര്‍ ക്യാബിനുള്ളില്‍ത്തന്നെ ബൂട്ട് സ്‌പേസ് ഉള്ളവയാണ് ഹാച്ച് ബാക്കുകള്‍. ഇവയുടെ പിന്‍ഭാഗം തുറന്നാല്‍ കാണുക പാസഞ്ചര്‍ ക്യാബിനാണ്. മാരുതി 800, സ്വിഫ്റ്റ്, ആള്‍ട്ടോ, ഹ്യുണ്ടായി ഇയോണ്‍, ബലേനോ, വാഗണാര്‍, ഗ്രാന്‍റ് ഐ ടെന്‍ തുടങ്ങിയവ പ്രമുഖ ഹാച്ച് ബാക്കുകളാണ്. ധാരാളം സ്ഥലസൗകര്യം വേണ്ടവര്‍ക്ക് ഹാച്ച് ബാക്ക് മോഡല്‍ അപര്യാപ്തമാണ്. ഇതുതന്നെയാണ് ഹാച്ച് ബാക്കിന്റെ പ്രധാന പരിമിതി.

പിന്‍സീറ്റിനു പിറകിലെ വളരെ ചെറിയ സ്ഥലമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലഭിക്കുകയുള്ളൂ. ഏറെ യാത്രകളില്ലാത്ത ചെറുകുടുംബങ്ങള്‍ക്കേ ഹാച്ച് ബാക്ക് യോജിക്കൂ. മൂന്നംഗങ്ങള്‍ മാത്രമുള്ള കുടുംബമാണെങ്കില്‍ പിന്‍സീറ്റിന്റെ ബാക്കിഭാഗത്തും സാധനങ്ങള്‍ സൂക്ഷിച്ച് ഹാച്ച്ബാക്കിന്റെ പരിമിതിയെ മറികടക്കാം. നഗരവാസികള്‍ ഹാച്ച് ബാക്കുകൾ തിരഞ്ഞെടുക്കുന്നതാണുചിതം. യാത്ര ചെയ്യാന്‍ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം.

How to select your car tips

പെട്രോളോ ഡീസലോ?

പലര്‍ക്കും ഈ സംശയം ഉണ്ടാകാറുണ്ട്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾക്ക് പരിപാലനച്ചെലവും വിലയും കൂടും. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനച്ചിലവു മതി. എന്നാൽ ദീര്‍ഘദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകളാണ് ഉചിതം.

 

Follow Us:
Download App:
  • android
  • ios