സൈനികനെ മലമുകളിലെത്തിക്കാന്‍ ജോലി കളഞ്ഞൊരു മനുഷ്യന്‍ ഹ്യുണ്ടായിയുടെ വീഡിയോ വൈറല്‍!

ഇന്ത്യയിലെത്തിയതിന്‍റെ 20 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യന്‍ സൈന്യത്തെ പ്രമേയമാക്കി പുറത്തിറക്കിയ പരസ്യചിത്രം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാകുന്നു. ജൂലായ് 17-ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം മൂന്നരക്കോടിയിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ യുവ സൈനികരുമായി സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തനിക്ക് ആദ്യം നിയമനം ലഭിച്ച കാര്‍ഗിലിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുകയാണ് അദ്ദേഹം. യാത്രാമദ്ധ്യേ ട്രെയിന്‍ എന്‍ജിന്‍ പണിമുടക്കിയതും തുടര്‍ന്ന് കാര്‍ഗിലിലേക്കുള്ള ബാക്കിദൂരം നടന്നതും ഇതിനിടയില്‍ ഒരാള്‍ കാറില്‍ ലിഫ്റ്റ് കൊടുത്തതും അയാള്‍ വിവരിക്കുന്നു.

തന്റെ ഇന്റര്‍വ്യൂ വരെ വേണ്ടെന്ന് വെച്ച് ആ യുവാവ് കൃത്യസമയത്ത് സൈനികനെ കാര്‍ഗിലിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. രാജ്യത്തെ സേവിക്കുന്നവരാണ് ആദ്യം സേവിക്കപ്പെടേണ്ടതെന്നു പറഞ്ഞ് യാത്രപറയുന്ന ആ യുവാവിനു മുന്നില്‍ സൈനികന്‍ അമ്പരന്നു നില്‍ക്കുന്നു.

ആ മനുഷ്യനെ മുതിര്‍ന്ന സൈനികന്‍ യുവ സൈനികര്‍ക്ക് പരിചയപ്പെടുത്തുന്ന ഇടത്തുവച്ചാണ് പരസ്യം അവസാനിക്കുന്നത്. നടന്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയാണ് മുതിര്‍ന്ന സൈനികനെ അവതരിപ്പിച്ചിരിക്കുന്നത്.