
ബ്രേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കി ബാറ്ററിയിൽ സൂക്ഷിച്ചുവയ്ക്കുന്ന സാങ്കേതിക വിദ്യയായ റീജെനറേറ്റീവ് ബ്രേക്കിംഗ് ടെക്നോളജിയും പുതിയ വെർണയിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രേക്കിംഗ് മൂലമുണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററുമായിട്ടായിരിക്കും ബാറ്ററിയെ ബന്ധിപ്പിക്കുക. ഈ സംവിധാനം ഡ്രൈവിംഗ് വേളയിൽ എൻജിനിലുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുകയും എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ഒപ്പം മികച്ച മൈലേജും നല്‍കും.

സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ക്ഷമതയും വലുപ്പവുമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ, ബ്രേക്ക് എനർജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് ഈ ഹൈബ്രിഡ് സിസ്റ്റത്തിൽ അടങ്ങിയിരിക്കുക. ഭാരത് VI എമിഷൻ ചട്ടവട്ടങ്ങൾ സർക്കാർ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹൈബ്രിഡ് പദ്ധതിയുമായി കമ്പനി നീങ്ങുന്നത്.
വെര്‍ണയുടെ മുഖ്യ എതിരാളിയായ സിയാസ് സെഡാനെ സ്മാർട് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തി മാരുതി അവതരിപ്പിച്ചിരുന്നു. ഇതോടെ കടുത്ത മത്സരങ്ങൾ നേരിടേണ്ടിവന്നതും ഈ മാറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. പുത്തൻ തലമുറ വെർണയുടെ വിലയിലും ആകര്‍ഷണീയത ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം അവസാനത്തോടെയായിരിക്കും വാഹനം നിരത്തിലിറങ്ങുക.

